Friday, November 02, 2007

രാഷ്ട്ര'പതി' എന്ന 'ശിഖണ്ഡി'പ്രയോഗം ഒഴിവാക്കാനൊരു മാര്‍ഗ്ഗം

നിഷാദേ,
ആദ്യമായി ഒരു വനിത രാഷ്ട്ര'പതി'യാവുന്നു എന്നത്‌ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചിരുന്ന സമയത്ത്‌ നീയുമായി ഇതു ചര്‍ച്ച ചെയ്യണമെന്നു കരുതിയിരുന്നതാണ്‌. ഇപ്പോളാണ്‌ സമയം കിട്ടിയത്‌.

പ്രതിഭാപാട്ടീലിനെ 'രാഷ്ട്രപതി' എന്നു വിശേഷിപ്പിക്കുന്നത്‌ ഒരുതരം അശ്ലീലപ്രയോഗമായിട്ടാണ്‌ എനിക്കു തോന്നാറുള്ളത്‌. അത്‌ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്നും. 'ആണ്‍' രാഷ്ട്രപതിയുടെ യഥാര്‍ത്ഥ ഭാര്യയെ 'പ്രഥമവനിത'യെന്നും പറയാറുണ്ട്‌. വേണമെങ്കില്‍ അശ്ലീലമാരോപിക്കാവുന്ന ഒരു പ്രയോഗം തന്നെ അതും.

വനിതകളെ ബഹുമാനിക്കുന്നതും രാഷ്ട്രത്തെ വനിതയായി സങ്കല്‍പിക്കുന്നതും നമ്മുടെ പ്രൗഢസംസ്കാരത്തിന്റെ ഭാഗം. കേവലമൊരു പ്രജയെ അതുപോലെ ഉയര്‍ത്തി പതിസ്ഥാനം നല്‍കാന്‍ ശ്രമിക്കുന്നിടത്താണു പ്രശ്നം. മനുഷ്യനെ മനുഷ്യന്റെ നിലയ്ക്കു നിര്‍ത്താമെന്നും 'ജീവിതപങ്കാളി' എന്നത്‌ മനുഷ്യര്‍ക്കാണുള്ളത്‌ എന്നും തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ.

'രാഷ്ട്രപതി' എന്നത്‌ ഒരു ഭരണഘടനാപദവി ആയതുകൊണ്ട്‌ പേരിനു മാറ്റം വന്നാല്‍ അതിന്‌ ഒരുപാടു മാനങ്ങളുണ്ട്‌. ഒരു സാഹചര്യത്തിലും ആ പേരു മാറ്റേണ്ടതില്ല എന്നാണത്രെ പ്രമുഖ സാഹിത്യകാരന്മാര്‍ അഭിപ്രായപ്പെട്ടത്‌. രാഷ്ട്രപത്നി (!) എന്നാക്കണമെന്ന്‌ ചില വനിതാ സംഘടനാ പ്രവര്‍ത്തകരും. എന്തായാലും - ബന്ധപ്പെട്ട എല്ലാവരുടെയുമടുത്ത്‌ - മാദ്ധ്യമങ്ങളും ഭാഷാവിദഗ്ദ്ധരുമടക്കമുള്ളവരുടെ മുമ്പില്‍ - നിര്‍ദ്ദേശങ്ങളവതരിപ്പിക്കാന്‍ സാധാരണക്കാരായ ഭാഷാസ്നേഹികള്‍ക്ക്‌ അവസരം ഒരുങ്ങുകയാണെങ്കില്‍, ഞാന്‍ താഴെപ്പറയുന്ന പേരുകള്‍ മുന്നോട്ടു വയ്ക്കും.

(1) പ്രഥമപൗരന്‍:- രാജ്യത്തെ പൗരന്മാരില്‍ ഒന്നാമന്‍ - ആണ്‍പ്രസിഡന്റ്‌.

ഉദാഹരണം:- APJ അബ്ദുള്‍കലാം, കെ.ആര്‍.നാരായണന്‍ തുടങ്ങിയവര്‍ നമ്മുടെ പ്രഥമപൗരന്മാരായിരുന്നു.

(2) പ്രഥമവനിത:- രാജ്യത്തെ വനിതകളില്‍ ഒന്നാമതു നില്‍ക്കുന്നവള്‍ - പെണ്‍പ്രസിഡന്റ്‌.

ഉദാഹരണം:- പ്രതിഭാപാട്ടീല്‍ ഇപ്പോള്‍ നമ്മുടെ പ്രഥമവനിതയാണ്‌.

(3) പ്രഥമപതി:- രാജ്യത്തെ ഭര്‍ത്താക്കന്മാരില്‍ ഒന്നാമതു നില്‍ക്കുന്നയാള്‍. പ്രഥമവനിതയുടെ പതി.

ഉദാഹരണം:- പ്രതിഭാപാട്ടീലിന്റെ ഭര്‍ത്താവ്‌ ദേവിസിംഗ്‌ റാണ്‍സിംഗ്‌ ഷെഖാവത്ത്‌ ഇപ്പോള്‍ നമ്മുടെ പ്രഥമപതിയാണ്‌.

(4) പ്രഥമപത്നി:- രാജ്യത്തെ ഭാര്യമാരില്‍ ഒന്നാമതു നില്‍ക്കുന്നവള്‍. പ്രഥമപൗരന്റെ പത്നി.

ഉദാഹരണം:- കെ.ആര്‍.നാരായണന്‍ പ്രഥമപൗരനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഉഷ നമ്മുടെ പ്രഥമപത്നിയായിരുന്നു.

* * * * * * * *
ബ്ലോഗില്‍ ഇത്‌ ഇതിനുമുമ്പ്‌ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്തോ? എന്തായാലും നിനക്കെന്തു തോന്നുന്നു നിഷാദ്‌? രണ്ടു മലയാളി കൂടിയാല്‍ പത്ത്‌ അഭിപ്രായവും പതിനഞ്ചു തമ്മില്‍ത്തല്ലും എന്നാണ്‌. ഇക്കാര്യത്തില്‍ എന്തു പറയുന്നു? അടിക്കു ഞാന്‍ തന്നെ തുടക്കമിട്ടു വയ്ക്കാം. ആണ്‍പ്രസിഡന്റ്‌ പ്രഥമപൌരനാണെങ്കില്‍ പെണ്‍ പ്രസിഡന്റ്‌ ‘പ്രഥമപൌര’യാവണ്ടേ? അതോ ‘പൌരി‘യോ? ഇനി അതല്ല പെണ്‍പ്രസിഡന്റ്‌ പ്രഥമവനിതയായേ പറ്റൂ എന്നാണെങ്കില്‍ ആണ്‍പ്രസിഡന്റ്‌ ‘പ്രഥമപുരുഷന്‍’ ആകേണ്ടേ? ....................ഞാനിവിടില്ലേ - സ്കൂട്ട്‌!

Thursday, October 11, 2007

അധികാരത്തിനു ‘കടിപിടി’ - അക്ഷരാര്‍ത്ഥത്തില്‍!

നിഷാദേ,
നീയീ വാര്‍ത്തകളൊക്കെ വായിക്കുന്നുണ്ടോ?
ദാ കണ്ടില്ലേ - അധികാരത്തിനായി കടിപിടി കൂടുക എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്‌. കഷ്ടം!
ഇതിനൊക്കെ ഒരു പരിയാരം - ഛെ - പരിഹാരം എന്നാണാവോ?

Sunday, August 19, 2007

വ്യാജ ഏറ്റുമുട്ടലുകളേപ്പറ്റി ചില വ്യാജമതേതര ചിന്തകള്‍.

ഒന്ന്‌ - പെട്ടെന്നു നിന്നു പോയ ചില മുട്ടലുകള്‍
രണ്ട്‌ - ഞെട്ടലുണ്ടാക്കുന്ന ചില മുട്ടല്‍ക്കണക്കുകള്‍
മൂന്ന്‌ - സൊഹ്രാബുദ്ദീന്‍ എന്ന സാധു
നാല്‌ - ഓടിക്കോ..ഗുജറാത്തു വരുന്നു!
അഞ്ച്‌ - മാദ്ധ്യമ മൂല്യങ്ങളുടെ മരണം!
ആറ് - സമുദായം - സമുദായം!
ഏഴ്‌ ‌ - ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടുന്നതെപ്പോള്‍?


ഒന്ന്‌ - പെട്ടെന്നു നിന്നു പോയ ചില മുട്ടലുകള്‍


‍നിഷാദേ,

കൈകളുയര്‍ത്തി കീഴടങ്ങാനൊരുങ്ങുന്ന ഒരുവനെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ പച്ചയ്ക്കു വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യം ഈയിടെ പുറത്തു വന്നതു നീ കണ്ടിരുന്നോ? നമ്മുടെ ഒന്നോ രണ്ടോ പത്രങ്ങളില്‍ ചെറിയ വാര്‍ത്തയായി വന്നിരുന്നു അത്‌. പിന്നെ അതേപ്പറ്റി കേള്‍ക്കാനേയില്ല!


പ്രമുഖ നക്സലൈറ്റ്‌ നേതാവായിരുന്ന രാജമൗലിയുടെ കഥ കഴിഞ്ഞതും നീ ശ്രദ്ധിച്ചു കാണും.


അദ്ദേഹം കൊല്ലപ്പെട്ടതല്ല ഉദ്ദേശിച്ചത്‌. അത്‌ പണ്ടേ നടന്നിരുന്നല്ലോ. പത്രങ്ങളില്‍ വന്നുകൊണ്ടിരുന്ന കഥകള്‍ അവസാനിച്ചു എന്നാണുദ്ദേശിച്ചത്‌.


നമ്മുടെ കേരളത്തില്‍ വച്ചു വധിച്ചുവെന്ന്‌ ആദ്യം കേട്ടു. പിന്നെയറിഞ്ഞു - കേരളത്തില്‍ വച്ച്‌ പിടികൂടിയെങ്കിലും കൊന്നത്‌ ആന്ധ്രയില്‍ എത്തിച്ചതിനു ശേഷമാണെന്ന്‌. എന്തായാലും പത്രങ്ങള്‍ക്ക്‌ രണ്ടു ദിവസത്തില്‍ കൂടുതല്‍ ആഘോഷിക്കാനുള്ള വകുപ്പൊന്നും രാജമൗലിയുടെ കൊലപാതകത്തിനില്ല. ആ കഥയും കഴിഞ്ഞു!


രാജമൗലിയെ കൊലചെയ്തത്‌ എവിടെ വച്ചാണെങ്കിലും ശരി, അതു ചെയ്തത്‌ കേരളാ പോലിസാണെന്ന്‌ ആരും പറയില്ല. അദ്ദേഹത്തെ വധിക്കേണ്ടത്‌ ആന്ധ്രയിലെ പോലീസിന്റെ ആവശ്യമായിരുന്നു.


കേരളാ പോലീസിനാണെങ്കില്‍, കൊല്ലേണ്ടിയിരുന്നതും കൊന്നതും മറ്റൊരു നക്സലൈറ്റിനെ ആയിരുന്നു - വര്‍ഗ്ഗീസിനെ.


വെടിവച്ചു കൊന്നു കളഞ്ഞു. ഏറ്റുമുട്ടല്‍! ശുഭം.


മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, ഇവര്‍ക്കൊന്നും തീരെ ഡിമാന്‍ഡു പോര. "കൊല്ലപ്പെടുന്നതു കുറ്റവാളി തന്നെയാണെങ്കില്‍, ഏറ്റുമുട്ടല്‍ വ്യാജമാണെങ്കിലും തരക്കേടില്ല - അതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ ആര്‍ക്കു നേരം?" എന്നൊരു നിലപാടാണോ ജനത്തിന്‌? അതോ ജനത്തിനു താല്‍പര്യമുണ്ടെങ്കിലും മാദ്ധ്യമങ്ങള്‍ എഴുതാന്‍ തയ്യാറാകാത്തതാണോ? ആര്‍ക്കറിയാം?


സാക്ഷാല്‍ വീരപ്പന്റെ കൊലപാതകം കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്‌. വീരപ്പന്‍ കുറച്ചു നാളായി കസ്റ്റഡിയില്‍ത്തന്നെ ഉണ്ടായിരുന്നെന്നും പോലീസിന്റെ 'തുപ്പാക്കി വെടിക്കു'മ്പോള്‍ ആ ഉണ്ടകളേല്‍ക്കാന്‍ പാകത്തില്‍ അങ്ങേരെ കൊണ്ടു വന്നു നിര്‍ത്തുകയായിരുന്നുവെന്നും ആരൊക്കെയോ അടക്കം പറഞ്ഞിരുന്നു. വെറും വാക്കാവാം - ചിലപ്പോള്‍ സത്യവുമാവാം.


എന്തായാലും ആ അടക്കം പറച്ചിലുകള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക്‌ മാദ്ധ്യമപ്പടയുടെ അന്വേഷണസംഘം പോയില്ല. അധികം മഷിത്തുള്ളികള്‍ അതിനായി പാഴായില്ല.


വീരപ്പന്‍ മരിച്ചത്‌ എങ്ങനെയായാലെന്ത്‌? ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെങ്കില്‍ത്തന്നെ ഇവിടെയാര്‍ക്കു ചേതം? വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന്‌ അഥവാ ആരെങ്കിലും കണ്ടെത്തിയാല്‍ത്തന്നെ അത്‌ പ്രസിദ്ധീകരിക്കാന്‍ പറ്റുമോ? നീതിരാഹിത്യം, മനുഷ്യാവകാശ ലംഘനം, നിയമവിരുദ്ധത - ഏതെങ്കിലുമൊരു വാക്ക്‌ എടുത്തുപയോഗിക്കാന്‍ പറ്റുമോ? എഴുതിയാല്‍ അത്‌ വീരപ്പനെ പിന്തുണയ്ക്കലാവില്ലേ? അതോടെ തീര്‍ന്നില്ലേ എല്ലാം? വീരപ്പന്റെ കൂട്ടര്‍ക്കാണെങ്കില്‍ വിരലിലെണ്ണാവുന്നതിനപ്പുറം വോട്ടുകളുമില്ല. പിന്നെ ആരു മെനക്കെടുന്നു അതിനെല്ലാം? മിണ്ടാതെ, പേന അടച്ചു വച്ച്‌ മറ്റൊരു പെണ്‍വാണിഭത്തിനോ അഴിമതിക്കഥയ്ക്കോ ആയി തുടര്‍ന്നും കാതോര്‍ത്തു എല്ലാവരും.


രണ്ട്‌ - ഞെട്ടലുണ്ടാക്കുന്ന ചില മുട്ടല്‍ക്കണക്കുകള്‍



പണ്ടേ തന്നെ എനിക്കു തോന്നാറുണ്ട്‌ നിഷാദേ, പത്രങ്ങള്‍ക്ക്‌ വ്യാജ ഏറ്റുമുട്ടലുകളേപ്പറ്റി എഴുതാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന്‌. എഴുതാനാണെങ്കില്‍ എന്തുമാത്രം വകയുണ്ടായിരുന്നതാണ്‌!


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കു പ്രകാരം 2003-04 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ നടന്നത്‌ 68 വ്യാജ ഏറ്റുമുട്ടലുകളാണ്‌! ആന്ധ്രയില്‍ 9 എണ്ണം. കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളവ മാത്രമാണിത്‌. യഥാര്‍ത്ഥസംഖ്യ കൂടുതലായേക്കാം.


അതിനടുത്ത വര്‍ഷത്തെ കണക്കും മോശമല്ല. 2004-05-ല്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളുടെ കണക്കുകള്‍ ഇങ്ങനെ -

സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശില്‍ 54
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 5
കോണ്‍ഗ്രസിന്റെ ഹരിയാനയില്‍ 4
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 1


അന്വേഷണം പൂര്‍ത്തിയാകാതെ കിടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ കണക്കും ലഭ്യമാണ്‌.
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 5
കോണ്‍ഗ്രസിന്റെ ഉത്തരാഞ്ചലില്‍ 14
കോണ്‍ഗ്രസിന്റെ ഡല്‍ഹിയില്‍ 18
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 21
കോണ്‍ഗ്രസിന്റെമഹാരാഷ്ട്രയില്‍ 29
എസ്‌.പി.യുടെ യു.പി.യില്‍ 175 !


എഴുതാനാണെങ്കില്‍ പത്രങ്ങള്‍ക്ക്‌ ദിവസങ്ങളോളം തുടര്‍പരമ്പരകള്‍ തന്നെ എഴുതാമായിരുന്നത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു ചുരുക്കം. പക്ഷേ അനവധിയായ ആ വ്യാജ ഏറ്റുമുട്ടലുകളേപ്പറ്റി എഴുതപ്പെട്ട പേജുകളുടെ എണ്ണം? വട്ടപ്പൂജ്യം!


പക്ഷേ - ഒരു നിമിഷം!


കുറ്റം പറയരുതല്ലോ.. മേല്‍പറഞ്ഞവയില്‍ ഏറ്റവും കുറവു സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനത്തിന്റെ കാര്യമാണെങ്കില്‍ സംഗതി ആകെ മാറി!


ഗുജറാത്താണത്‌.


അവിടെ നടന്ന ഒന്നോ രണ്ടോ സംഭവങ്ങളേപ്പറ്റി എഴുതപ്പെട്ട താളുകളുടെ എണ്ണം തന്നെ ലക്ഷക്കണക്കിനാണ്‌!


ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്നു തീര്‍പ്പില്ലാത്ത സംഭവങ്ങളില്‍പോലും, 'അത്‌ അങ്ങനെ തന്നെ' എന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ട്‌ മാധ്യമങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ ഓര്‍മ്മയില്ലേ? രണ്ടു പാക്‌ ഭീകരന്മാര്‍ക്കൊപ്പം വെടിയേറ്റു മരിച്ച ഇസ്രത്തിനേക്കുറിച്ചോര്‍ത്ത്‌ ഇവിടുത്തെ പത്രങ്ങളൊഴുക്കിയ കണ്ണീര്‍പ്പുഴകള്‍ ഓര്‍മ്മയില്ലേ? ആ കുട്ടിയുടെ ഭീകരബന്ധത്തേക്കുറിച്ചോ നിരപരാധിത്വത്തേക്കുറിച്ചോ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനാവുന്നതിനു വളരെ മുമ്പു തന്നെ അവളുടെ നിരപരാധിത്വം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട്‌ മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ എഴുതിക്കൂട്ടിയതൊക്കെ നാം എങ്ങനെ മറക്കാനാണ്‌?


"പെട്ടെന്നൊരു ദിവസം നിങ്ങളെയും വെടി വച്ചു കൊന്നെന്നിരിക്കും" എന്ന അസംബന്ധം പ്രചരിപ്പിച്ച്‌ ഭീതി വളര്‍ത്തി പച്ചയ്ക്ക്‌ തീവ്രവാദപ്രോത്സാഹനം നടത്തിക്കൊണ്ട്‌ കുറേ പുരോഗമന(?)വാദികള്‍ ഊഴം വച്ച്‌ കവിതകളെഴുതിയത്‌ എങ്ങനെ മറക്കാനാണ്‌?


മഹാരാഷ്ട്രയിലെയും ജമ്മു കാശ്മീരിലെയും ഉന്നത പോലീസ്‌ അധികാരികള്‍ ഇസ്രത്തിന്റെ ഭീകരബന്ധം സ്ഥിരീകരിച്ചപ്പോള്‍ ചിലര്‍ പത്തിമടക്കി. ഒരു ഭീകരസംഘടന തങ്ങളുടെ വെബ്‌സൈറ്റില്‍‍ 'ഇസ്രത്ത്‌ തങ്ങളുടെ രക്തസാക്ഷിയാണ്‌ ' എന്ന്‌ അവകാശപ്പെട്ടതിനു ശേഷം പോലും കഥയറിയാതെ വാദം തുടര്‍ന്നവരുമുണ്ട്‌. നിര്‍ത്തിയവര്‍ തന്നെയും, തങ്ങളുടെ അതിവാദം തെറ്റായിരുന്നു എന്നു തുറന്നു സമ്മതിക്കാന്‍ തയ്യാറായതുമില്ല.


ആ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ അല്ലയോ എന്ന തര്‍ക്കത്തിനിടയില്‍ ആരും ചിന്തിക്കാതെ പോകുന്നൊരു കാര്യമുണ്ടു നിഷാദേ. ഇസ്രത്‌ തീവ്രവാദിയായിരുന്നു എന്നു തന്നെ സങ്കല്‍പിക്കുക. അങ്ങനെയാണെങ്കില്‍, ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെങ്കിലും കുഴപ്പമില്ല എന്നൊരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ടോ? അതുകൊണ്ടാണോ അവളുടെ നിരപരാധിത്വത്തേക്കുറിച്ച്‌ വാദിക്കേണ്ടി വരുന്നത്‌? അപ്പോള്‍, കൊല്ലപ്പെടുന്നവര്‍ കുറ്റവാളികളാണെങ്കില്‍, അവരെ വെടിവച്ചുകൊല്ലാം എന്നുണ്ടോ? അതല്ലെങ്കില്‍ പിന്നെ എല്ലാ വ്യാജ ഏറ്റുമുട്ടലുകളും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടാത്തതെന്താണ്‌? നക്സലൈറ്റുകളെയും മറ്റു കുറ്റവാളികളെയും വെടിവച്ചു കൊല്ലുമ്പോള്‍ ആര്‍ക്കും പരാതിയില്ലാത്തതെന്താണ്‌? ചിന്തിക്കൂ നിഷാദേ.


മൂന്ന്‌ - സൊഹ്രാബുദ്ദീന്‍ എന്ന സാധു


ഇസ്രത്തിനേക്കുറിച്ച്‌ പിന്നീടാവാം നിഷാദേ. ഈ കത്ത്‌ സൊഹ്രാബുദ്ദീനെക്കുറിച്ചു പറയാനാണ്‌.


സൊഹ്രാബുദ്ദീന്‍-കൗസര്‍ബി വിഷയം നമ്മുടെ പത്രങ്ങള്‍ മാസങ്ങളോളം കൊണ്ടാടിയത്‌ നീ മറന്നിട്ടുണ്ടാവില്ലല്ലോ. ഒടുവില്‍, ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചെറിയ കോളത്തില്‍ പ്രസിദ്ധീകരിച്ച ഒരു അപ്രധാന വാര്‍ത്തയോടു കൂടി എല്ലാ ആക്രമണങ്ങളും സ്വിച്ചിട്ടതുപോലെ അവസാനിച്ചു. "ഗുജറാത്ത്‌ പോലീസിന്റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം തള്ളി."


മറ്റ്‌ പലയിടങ്ങളിലും പല കുറ്റവാളികളുടെയും കാര്യത്തില്‍ സംഭവിക്കുന്നതുപോലെ, സൊഹ്രാബുദ്ദിന്റെ കാര്യത്തിലും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. അതൊരു ശിക്ഷയര്‍ഹിക്കുന്ന കുറ്റമായി അതു ചെയ്തവര്‍ തന്നെ കണക്കാക്കുന്നതുകൊണ്ടാണ്‌ അതിന്റെ തെളിവു നശിപ്പിക്കാനുള്ള ശ്രമമായി രണ്ടു തുടര്‍കൊലപാതകങ്ങള്‍ കൂടി (കൗസര്‍ബി - പ്രജാപതി) നടന്നതും.


അതിനെ ഒരു കുറ്റമായി കണക്കാക്കി അത്‌ അര്‍ഹിക്കുന്ന രീതിയില്‍ത്തന്നെയാണ്‌ ഗുജറാത്ത്‌ പോലീസ്‌ തുടര്‍ന്നു കൈകാര്യം ചെയ്തതും.


നമ്മുടെ മാദ്ധ്യമങ്ങള്‍ അതു കൈകാര്യം ചെയ്തതെങ്ങനെയാണ്‌?


സൊഹ്രാബുദ്ദീന്‍ ആഘോഷകാലത്തെ പത്രവാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുക അയാളേപ്പോലൊരു പഞ്ചപാവം ഈ ലോകത്തു തന്നെ ഇല്ലായിരുന്നു എന്നാണ്‌. പത്രങ്ങളെ സംബന്ധിച്ചിടത്തോളം സൊഹ്രാബുദ്ദീന്‍ ഇത്ര ശുദ്ധഹൃദയനായിത്തീര്‍ന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം ഇപ്പോഴും വ്യകതമല്ല. ഗുജറാത്ത്‌ പോലീസിനെ മൊത്തം ആക്ഷേപിക്കാം എന്ന നിലയില്‍, ആ ചെയ്തിയുടെ ഭീകരത വര്‍ദ്ധിപ്പിച്ചു കാട്ടാനാവുമോ? അല്ലെങ്കില്‍, അയാള്‍ കുറ്റവാളിയായിരുന്നുവെന്നു സമ്മതിച്ചാല്‍ കൊലപാതകം ന്യായീകരിക്കപ്പെട്ടേക്കുമെന്നു ഭയന്നിട്ടാവുമോ?


2007 ഏപ്രില്‍ 25-ലെ ദീപികയുടെ മുഖപ്രസംഗം ഒരിക്കല്‍ വായിച്ചവര്‍ മറക്കില്ല. "നിയമം പാലിച്ചും നിയമവാഴ്ചയ്ക്കു വിധേയരായും ജീവിക്കുന്നവരേയും ചെറിയ തെറ്റുകളോ കുറ്റങ്ങളോ ചെയ്തു 'പോയവ'രേയുമൊക്കെ തീവ്രവാദികളെന്നു മുദ്രകുത്തുന്നു" എന്ന്‌ ഹൃദയം നൊന്ത്‌ വിലപിച്ചിരുന്നു അതില്‍.


അതു വായിച്ചപ്പോഴാണ്‌ പാവം സൊഹ്രാബുദ്ദീന്‍ അറിയാതെ ചെയ്തു പോയ തെറ്റുകുറ്റങ്ങളെന്തൊക്കെയാണെന്നറിയാന്‍ ആകാംക്ഷ തോന്നിയത്‌. പണ്ട്‌ ജീന്‍വാല്‍ജീനോ മറ്റോ ചെയ്തതുപോലെ, വിശന്നു വലഞ്ഞപ്പോള്‍ ഒരു കഷണം റൊട്ടിയെങ്ങാന്‍ മോഷ്ടിച്ചിരിക്കുമോ?


ചരിത്രം പരതി നോക്കിയപ്പോഴാണ്‌! ആ നിരപരാധിക്കെതിരെയുള്ള കേസുകളൊന്നും 'ചമച്ച'ത്‌ ഗുജറാത്ത്‌ പോലീസ്‌ പോലുമല്ല. വിവിധ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകളുടെ എണ്ണം 50-നു മുകളിലാണ്‌! അവയില്‍ പലതും ദേശസുരക്ഷാ നിയമങ്ങള്‍ പ്രകാരമുള്ളത്‌!


1980-90 കളിലെ അധോലോകനായകനായിരുന്ന അബ്ദുള്‍ ലത്തീഫിന്റെ ഡ്രൈവര്‍ ആയിരുന്നു സൊഹ്രാബുദ്ദീന്‍. അതുകൊണ്ട്‌ ആദ്യം ലത്തീഫിന്റെ ചരിത്രവും ഒന്നു പരിശോധിച്ചു നോക്കി. ദാവൂദ്‌ ഇബ്രാഹിമിന്റെ ബിസിനസ്‌ മാനേജര്‍മാരിലൊരാളും 1993 മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളുമായിരുന്നു ലത്തീഫ്‌. തീവ്രവാദികള്‍ക്ക്‌ ആയുധവും പണവുമെത്തിക്കുന്നതിലെ മുഖ്യ കണ്ണിയായിരുന്നു അയാള്‍. 1993 സ്ഫോടനങ്ങള്‍ക്കായുള്ള ആര്‍.ഡി.എക്സ്‌. എത്തിച്ചേര്‍ന്നത്‌ ഗുജറാത്ത്‌ തീരം വഴിയായിരുന്നുവെന്നത്‌ ഓര്‍ക്കുക.


1997-ല്‍, പോലീസ്‌ കസ്റ്റഡിയിലിരിക്കെയാണ്‌ ലത്തീഫ്‌ കൊല്ലപ്പെടുന്നത്‌. അന്ന്‌ ഗുജറാത്ത്‌ ഭരിച്ചിരുന്നത്‌ ഇന്ന്‌ മോഡിക്കെതിരെ വാദിക്കുന്ന ശങ്കര്‍ സിംഗ്‌ വഗേല പ്രസിഡന്റായിരുന്ന ആര്‍.ജെ.പി. ആയിരുന്നു - കോണ്‍ഗ്രസ്‌ പിന്തുണയോടെ. ലത്തീഫിനെ "അവസാനിപ്പിച്ച"ത്‌ അന്ന്‌ വഗേലയുടെ 'മികവാ'യി വാഴ്ത്തപ്പെടുകയും ചെയ്തിരുന്നു.


ലത്തീഫ്‌ മുമ്പു തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും, ഡ്രൈവറായിരുന്ന സൊഹ്രാബുദ്ദീന്‍ ആദ്യമായി ഒരു കേസിലൂടെ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്‌ 1994-ല്‍ ആണ്‌. സൊഹ്രാബുദ്ദീന്റെ മദ്ധ്യപ്രദേശിലെ വീട്ടില്‍ നിന്നും ആയുധശേഖരം കണ്ടെടുത്തതോടെയാണത്‌. 24 എ.കെ.56 റൈഫിളുകള്‍, ഹാന്‍ഡ്‌ ഗ്രനേഡുകള്‍, എ.കെ. 56-ന്റെ ഉപയോഗക്രമവും മറ്റും വിവരിക്കുന്ന 81 മാഗസിനുകള്‍, അയ്യായിരത്തില്‍പ്പരം കാട്രിഡ്‌ജുകള്‍‍ തുടങ്ങിയവ അതില്‍പ്പെടുന്നു. ഭീകരവാദികള്‍ക്കായി എത്തിച്ചവ ഒളിപ്പിച്ചു വച്ചിരുന്നതാണ്‌ എന്നു തെളിയിക്കപ്പെടുകയും ചെയ്തു (വയലില്‍ കാക്കക്കളെ തുരത്താനായി കൊണ്ടു വന്നു വച്ചതു മാത്രമായിരുന്നു അവ എന്നൊരു 'മതേതര'വാദത്തിന്‌ അവസരമുണ്ടിവിടെ).


പിന്നീട്‌, ദാവൂദ്‌ ഇബ്രാഹിമിന്റെ വലംകൈയ്യും ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിഞ്ഞിട്ടുള്ളയാളുമായ ഷെരീഫ്‌ ഖാനുമായി ചേര്‍ന്ന്‌ സൊഹ്രാബുദ്ദീന്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുന്നു (മദനി-ബാഷ ബന്ധം പോലെ, അനുഭാവപൂര്‍ണ്ണമായ "പരിചയ"വും ചില ഫോണ്‍ സംഭാഷണങ്ങളും എന്നല്ലാതെ കുറ്റകരമായി അതില്‍ ഒന്നും ഇല്ലായിരിക്കാം).


അഹമ്മദാബാദിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ - ഒരു ബില്‍ഡറെ ഭീഷണിപ്പെടുത്തി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്‌ മുതലായവ (ഇവിടെ, കോടികളുടെ ചര്‍ച്ച നടക്കുന്നിടത്ത്‌ അതു വല്ലതും ഒരു കുറ്റമാണോ എന്നു വാദിക്കാം).


ഉദയ്പൂരിലെ രണ്ടു കൊലപാതകങ്ങളില്‍ക്കൂടി പ്രതിയായിരുന്നു സൊഹ്രാബുദ്ദീന്‍ എന്നറിയുമ്പോള്‍ കൂടുതല്‍ 'ചെറിയ' കുറ്റകൃത്യങ്ങള്‍ക്കായുള്ള അന്വേഷണം ആരായാലും മതിയാക്കിപ്പോകും.


ഫാരിസ്‌ അബൂബക്കറും അദ്ദേഹത്തിന്റെ സങ്കുചിതതാല്‍പര്യങ്ങളും മറ്റും ചേര്‍ന്നിട്ടോ എന്തോ - ദീപിക എത്രമാത്രം തറപറ്റിപ്പോയി എന്നതിന്റെയും, പത്രങ്ങള്‍ വഴിയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനം എത്രത്തോളമാവാം എന്നതിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്‌ ആ മുഖപ്രസംഗത്തിലെ മറ്റു ചില വാചകങ്ങള്‍.


"അവനവനായാലും രാജ്യത്തിനായാലും കുഴപ്പക്കാരനല്ലാതെ ജീവിച്ചിട്ടും തീവ്രവാദിയെന്ന പേര്‌ ഉണ്ടാക്കി തങ്ങളെ കൊല്ലാനാണ്‌ ശ്രമമെന്ന്‌ "ഏതെങ്കിലും വിഭാഗത്തിന്‌" തോന്നിയാല്‍ രക്ഷയ്ക്കു വേണ്ടി അവര്‍ പിന്നെ ആരെയൊക്കെയാണ്‌ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിക്കൂടാത്തത്‌? അള മുട്ടിക്കുകയും തിരിഞ്ഞു കടിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഭീകരരെയും തീവ്രവാദികളെയും സൃഷ്ടിക്കുന്നവരാണ്‌."


കൊള്ളാം! ഇത്ര പച്ചയ്ക്ക്‌ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വരികള്‍ ഭീകരവാദികളുടെ പ്രസിദ്ധീകരണങ്ങളില്‍ പോലും വായിക്കാനാവില്ല. സൊഹ്രാബുദ്ദീനെതിരായ സകല കേസുകളെയും നിസാരവല്‍ക്കരിച്ചു കൊണ്ട്‌, 'ഒരു പ്രത്യേക വിഭാഗത്തില്‍' പെട്ടയാളായതു കൊണ്ടു മാത്രമാണ്‌ അയാള്‍ക്ക്‌ ഈ ഗതി വന്നതെന്ന്‌ മറ്റൊരു വരിയില്‍ വിലപിക്കുന്നുണ്ട്‌.


"ദാ നിങ്ങളുടെ 'വിഭാഗത്തെ' "യാതൊരു കാരണവുമില്ലാതെ" ഉപദ്രവിക്കുന്നു കുട്ടികളേ. നിങ്ങള്‍ തീവ്രവാദികളായിക്കോ. ഞങ്ങളുടെ എല്ലാ ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും ഉറപ്പു തരുന്നു" എന്നല്ലാതെ മറ്റ്‌ എന്തൊരു അര്‍ത്ഥമാണ്‌ ഈ വരികളിലൊക്കെ കാണാനാവുക?


ദീപികയ്ക്ക്‌ അച്യുതാനന്ദനെതിരെ തരം താണ ഭര്‍ത്സനം നടത്താന്‍ മാത്രമല്ല - തീവ്രവാദികളെ സൃഷ്ടിച്ചു വളര്‍ത്താനും കഴിയും എന്നു തെളിയിക്കുന്ന വരികള്‍ - നട്ടെല്ലുള്ള ഒരു ഭരണാധികാരി ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍, രാജ്യദ്രോഹക്കുറ്റത്തിന്‌ അത്‌ അച്ചടിച്ച അച്ചുകൂടം അടച്ചുപൂട്ടി മുദ്രവച്ച്‌ അതെഴുതിയ കൈകളില്‍ വിലങ്ങിടുവിച്ച്‌ തുറുങ്കിലടയ്ക്കുമായിരുന്ന വരികള്‍!


നീ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാണെങ്കില്‍, ഇതൊന്നും വെറുതെ വായിച്ചു വിടരുത്‌ നിഷാദേ. ചിന്തിക്കണം. എന്തുകൊണ്ടാണ്‌ ഇത്തരം വരികളുണ്ടാകുന്നതെന്ന്‌ ആലോചിക്കണം. നൂറുകണക്കിന്‌ വ്യാജഏറ്റുമുട്ടലുകളില്‍ ഒന്നിനേക്കുറിച്ചും ലവലേശം വ്യാകുലപ്പെടാത്തവര്‍ക്ക്‌ ഒരു ചെറിയ സന്ദേഹത്തിനു പോലും സ്ഥാനമില്ലാത്ത വിധത്തില്‍ ഇസ്രത്തും സൊഹ്രാബുദ്ദീനും മാത്രം പെട്ടെന്നു പരിശുദ്ധരാവുന്നതിനും അവരേക്കുറിച്ചൊഴുക്കാന്‍ മാത്രം കണ്ണീരുണ്ടാവുന്നതിനും പിന്നില്‍ എന്തു മനശാസ്ത്രമാണെന്നു കണ്ടെത്തണം. അതിലെ നിഗൂഢതകള്‍ പൊളിച്ചെഴുതണം.


ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍, കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രേരണയെന്തെന്നു കണ്ടെത്തുകയല്ലേ ആദ്യം ചെയ്യേണ്ടത്‌? മുന്‍വിധികളില്ലാതെയും അനുമാനങ്ങളിലേക്ക്‌ എടുത്തു ചാടാതെയും എത്രപേര്‍ അത്തരം ചിന്തകള്‍ക്കു തയ്യാറായിട്ടുണ്ട്‌?


സൊഹ്രാബുദ്ദീന്‍ വധിക്കപ്പെടേണ്ടവനാണെന്ന്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കു തോന്നിയത്‌ എന്തുകൊണ്ടായിരിക്കും?


എന്തെങ്കിലും മുന്‍ വൈരാഗ്യം? (അങ്ങനെയെങ്കില്‍, ആ വൈരാഗ്യത്തിന്റെ കാരണം? പശ്ചാത്തലം?)


പാരിതോഷികമോ മറ്റോ പ്രതീക്ഷിച്ചു ചെയ്തത്‌? (ഐ. പി. എസ്‌. ഉദ്യോഗസ്ഥര്‍ അങ്ങനെ ഒരു പാരിതോഷികം പ്രതീക്ഷിക്കുന്ന നിലയിലുള്ളവരാണോ?)


പ്രത്യേകിച്ചൊന്നുമില്ലാതെ, ക്രൂരമായ കുറ്റവാസന കൊണ്ടു മാത്രം - വെറുതെ ആരെയെങ്കിലും കൊല്ലണമെന്ന ഭ്രാന്തമായ തോന്നലില്‍ നിന്ന്‌? (അങ്ങനെയെങ്കില്‍, എന്തുകൊണ്ടു സൊഹ്രാബുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടു? യാദൃച്ചികം?)


മറ്റാരുടെയെങ്കിലും ഉത്തരവനുസരിക്കാന്‍ നിര്‍ബന്ധിതരായി ചെയ്തത്‌? (അങ്ങനെയെങ്കില്‍, ഉത്തരവിട്ടവരുടെ പ്രേരണയെന്ത്‌?)


എന്തെങ്കിലും പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിക്കാനായി ഭരണകൂടം ആസൂത്രണം ചെയ്തത്‌? (അങ്ങനെയെങ്കില്‍, എന്തായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്ന പ്രശ്നം? ഒരാളുടെ കൊലപാതകത്തിലൂടെ ശ്രദ്ധ തിരിക്കാനാവുമെങ്കില്‍, അതിലും ചെറിയ എന്തെങ്കിലും പ്രശ്നമായിരുന്നിരിക്കണമല്ലോ അന്നുണ്ടായിരുന്നത്‌. എന്തായിരുന്നു അത്‌?)


അയാളെ തുടര്‍ന്നും ജീവിക്കാനനുവദിച്ചാല്‍ രാജ്യത്തിനു ഭീഷണിയാണെന്നും നിയമത്തിനു വിട്ടുകൊടുത്താല്‍ പഴുതുകളുപയോഗിച്ച്‌ രക്ഷപെട്ടുകളയുമെന്നുമുള്ള വിശ്വാസത്താലോ മറ്റോ - മറ്റു മിക്ക വ്യാജ ഏറ്റുമുട്ടലുകളുടെയും പിന്നിലെ അതേ പ്രേരണ കൊണ്ട്‌ - കൊലപ്പെടുത്തിയത്‌?


നമുക്കറിഞ്ഞുകൂടാ. ചെയ്യാവുന്നത്‌ ചിന്തിക്കുക എന്നതാണ്‌. ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുന്ന തരത്തിലുള്ള ഗഹനമായ ചിന്തകള്‍ക്കു തുടക്കം കുറിക്കുക എന്നതാണ്‌ വിവേകശാലികള്‍ ചെയ്യുക. ആദര്‍ശശാലികളും.


സ്വന്തം രാജ്യത്തോട്‌ യാതൊരു കൂറുമില്ലാത്ത, അതിനേക്കുറിച്ച്‌ അഭിമാനിക്കുന്നതു തന്നെ കുറച്ചിലായും പാപമായും കണക്കാക്കുന്ന, പച്ചയായ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു മടിയുമില്ലാത്ത ആര്‍ക്കും ഇങ്ങനെയൊന്നും ചിന്തിച്ചു കഷ്ടപ്പെടേണ്ട കാര്യമില്ല. അവര്‍ക്ക്‌ എന്തും പറയാം. എന്തു മരമണ്ടന്‍ അനുമാനങ്ങളിലേക്കും പെട്ടെന്ന്‌ എടുത്തു ചാടാം.


ഫാരിസ്‌ അബൂബക്കറിന്റെ ശമ്പളം പറ്റുന്നവര്‍ക്ക്‌ ആവേശപൂര്‍വ്വം തീവ്രവാദികള്‍ക്കായി പള്ളിക്കൂടമാരംഭിക്കാം. ചില കമ്മ്യൂണിസ്റ്റ്‌ ഭീകരവാദികള്‍ക്ക്‌ അവര്‍ക്കു തന്നെ അര്‍ത്ഥമറിയാത്ത വാക്കായ "ഫാസിസം" എന്ന പിടിവള്ളിയില്‍ത്തൂങ്ങി കുറിക്കു കൊള്ളുന്ന ചോദ്യങ്ങളില്‍ നിന്നു രക്ഷപെടാം. ചില മുസ്ലിം തീവ്രവാദസംഘടനകള്‍ക്ക്‌ സമുദായപീഢനം, ഉന്‍മൂലനശ്രമം എന്നൊക്കെയുള്ള പതിവു നുണകളാവര്‍ത്തിച്ച്‌ കൂടുതല്‍ ആയുധം സംഭരിക്കാം.


ഇതിലൊന്നും പെടാത്തവര്‍ - അവരുടെ മതമെന്തുമാവട്ടെ-രാഷ്ട്രീയമെന്തുമാവട്ടെ - അവര്‍ ചിന്തിക്കണം. കാരണം, ഇത്തരം അവസരങ്ങളില്‍ ചിന്തിക്കാതിരിക്കുന്നതും കടുത്ത രാജ്യദ്രോഹം തന്നെയാണ്‌.


നാല്‌ - ഓടിക്കോ..ഗുജറാത്തു വരുന്നു!


ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോട്‌ അല്‍പമെങ്കിലും അനുഭാവം പുലര്‍ത്താത്ത ഒരു പത്രമെന്നത്‌ അപൂര്‍വ്വം. ബി.ജെ.പി.യെ തങ്ങള്‍ക്കൊരു ഭീഷണിയായി കണക്കാക്കാത്ത ഒരു രാഷ്ട്രീയ കക്ഷി എന്നതും. അപ്പോള്‍, ഗുജറാത്തില്‍ എന്തു സംഭവിച്ചാലും വാര്‍ത്തകളുടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതില്‍ അതിശയിക്കേണ്ടതില്ല.


കലാപകാലത്ത്‌ അങ്ങേയറ്റം കുറ്റകരമായ രീതിയിലാണ്‌ മാദ്ധ്യമങ്ങള്‍ പെരുമാറിയത്‌. "കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ്‌ ആന്‍ഡ്‌ ഹ്യൂമന്‍ ജസ്റ്റിസ്‌" തങ്ങളുടെ ഒരു പഠനത്തില്‍ കണ്ടെത്തിയത്‌ "ആ സമയത്ത്‌ ചില പത്രങ്ങളും ചാനലുകളും ഏതാനും ആഴ്ചകളിലേയ്ക്കെങ്കിലും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരില്‍ മുക്കാലോളം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു" എന്നാണ്‌. "The media selected, distorted and added fiction to the news, to prove their respective point of view" എന്ന അവരുടെ പരാമാര്‍ശം ദു:ഖത്തോടെയേ നമുക്കു വായിക്കാന്‍ കഴിയൂ.


മോഡി കേരളത്തില്‍ വന്നപ്പോഴും ബഹളമയമായ റിപ്പോര്‍ട്ടിങ്ങാണു നടന്നത്‌. ഊഹാപോഹങ്ങളും പച്ചക്കള്ളങ്ങളും എഴുതിപ്പിടിപ്പിച്ചു.


ഇസ്രത്‌ ജഹാന്‍ ചില പാക്‌ ഭീകരന്മാര്‍ക്കൊപ്പം കൊല്ലപ്പെട്ടപ്പോള്‍ ഏകപക്ഷീയമായ നിഗമനങ്ങളിലെത്തിയതും, ഊഹാപോഹങ്ങളെയും അനുമാനങ്ങളേയും വസ്തുതകള്‍ എന്ന മട്ടില്‍ അവതരിപ്പിച്ചതും വേറെ.


ഇത്തരം അവസരങ്ങളിലെല്ലാം, ഒടുവില്‍ എല്ലാം തെറ്റാണെന്നു തെളിയുമ്പോള്‍ അതുവരെ ചെയ്തതില്‍ തരിമ്പും ഖേദം പ്രകടിപ്പിക്കാതെ എല്ലാവരും മൗനം പാലിക്കും. സത്യാവസ്ഥകള്‍ ചിലരൊക്കെ തിരിച്ചറിയുമെങ്കിലും "എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ടായിരുന്നു" എന്ന മട്ടില്‍ ഒരു ഓര്‍മ്മ ചിലരുടെയെങ്കിലും മനസ്സില്‍ അവശേഷിക്കും. അതു തന്നെയാണ്‌ - ആ തോന്നല്‍ അവശേഷിപ്പിക്കുകയാണ്‌ - ആക്രോശ രചനകള്‍ നടത്തുന്നവരുടെ ലക്ഷ്യവും. അതുകൊണ്ടു തന്നെ, തികച്ചും തെറ്റിദ്ധാരണാജനകമായി എഴുതിയിട്ട്‌ പിന്നീടു മൗനം പാലിക്കാന്‍ അവര്‍ക്കു യാതൊരു മടിയുമില്ല.


സൊഹ്രാബുദ്ദീന്‍ സംഭവത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്തൊക്കെ ബഹളങ്ങളായിരുന്നു?


സൊഹ്രാബുദ്ദീനെ ചില പോലീസ്‌ ഓഫീസര്‍മാര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തിയതാണെന്ന്‌ മിക്കവാറും വ്യക്തം. അതിനെ ഒരു കുറ്റമായിത്തന്നെയാണ്‌ അതു ചെയ്തവര്‍ പോലും കണക്കാക്കുന്നത്‌. കമ്മ്യൂണിസ്റ്റുകളേപ്പോലെ അതില്‍ അഭിമാനിക്കുകയല്ല അവര്‍ ചെയ്യുന്നത്‌. കുറ്റമായി കണക്കാക്കുന്നതുകൊണ്ടാണ്‌ അതിന്റെ തെളിവു നശിപ്പിക്കാനായി രണ്ടു തുടര്‍കൊലപാതകങ്ങള്‍ കൂടി നടത്തിയത്‌. അതും കൂടിയാവുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും അര്‍ഹിക്കുന്ന ശിക്ഷയുടെ കാഠിന്യവും വര്‍ദ്ധിക്കുന്നു.


അന്വേഷണം നടന്ന്‌ ശിക്ഷ ലഭിക്കണമെന്നത്‌ അടുത്ത പടി.


അന്വേഷണം നടന്നു. ഇത്തരം കാര്യങ്ങളന്വേഷിക്കാന്‍ ഗുജറാത്ത്‌ പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്‌. അന്വേഷണത്തിനിടയില്‍ അവര്‍ തന്നെ കണ്ടെത്തി, കൗസര്‍ബിയും കൊല ചെയ്യപ്പെട്ടിരിക്കാമെന്നും തെളിവ്‌ അവശേഷിക്കാതിരിക്കാനായി മൃതശരീരവും നശിപ്പിച്ചുകളഞ്ഞിരിക്കാമെന്നും. തങ്ങളുടെ നിഗമനങ്ങളും ഇതുവരെ കൗസര്‍ബിയെ കണ്ടെത്താനായില്ല എന്ന വസ്തുതയും അവര്‍ തന്നെ അവതരിപ്പിച്ചു.


അതോടെയാണ്‌ സകലരും സടകുടഞ്ഞെണീറ്റത്‌!


സത്യമാണ്‌ - കുറ്റകൃത്യം ഞെട്ടിപ്പിക്കുന്നതും ശിക്ഷാര്‍ഹവും തന്നെ. എന്നാല്‍ പത്രങ്ങള്‍ മുന്‍പേജില്‍ എഴുതിയതെന്താണ്‌? "കൗസര്‍ബിയെ കൊന്നു കളഞ്ഞതായി പോലീസ്‌ "സമ്മതിച്ചു"വത്രേ"! അതു വായിച്ചാല്‍ തോന്നുന്നതെന്താണ്‌? അവര്‍ ഇതു വരെ സമ്മതിക്കാതിരുന്നു - പക്ഷേ ഒടുവില്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ സമ്മതിക്കേണ്ടി വന്നു - കൊല ചെയ്തവര്‍ തന്നെയാണു വെളിപ്പെടുത്തല്‍ നടത്തിയത്‌ - എന്നൊക്കെയല്ലേ?. എത്ര തന്ത്രപരമായ രചന! കുറ്റം ചെയ്ത രണ്ടോ മൂന്നോ പേരുടെ കാര്യമുപയോഗിച്ച്‌ ഒരു സംസ്ഥാന പോലീസിനെ മൊത്തം (കുറ്റം കണ്ടെത്തിയവരെയടക്കം!) സാമാന്യമായി പറഞ്ഞിരിക്കുകയാണ്‌.


ഗുജറാത്ത്‌ പോലീസിനോ ആഭ്യന്തരവകുപ്പിനോ വഴങ്ങാത്ത, അവര്‍ക്കു പുറത്തുള്ള ആരെങ്കിലുമാണ്‌ ഇതെല്ലാം അന്വേഷിച്ചുകണ്ടെത്തിയതെന്ന മുന്‍വിധിയോടെയാണ്‌ പല പത്രങ്ങളും എഴുത്താരംഭിക്കുന്നതു തന്നെ. തികച്ചും തെറ്റാണത്‌.


ഗുജറാത്ത്‌ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതിയായതു കൊണ്ട്‌ ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങളുന്നയിച്ച്‌ അവരെ നേരിടാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക്‌ അവസരമുണ്ട്‌ എന്നതു സത്യം തന്നെ. പക്ഷേ, ഗുജറാത്ത്‌ വിരുദ്ധ സമീപനമുള്ളവര്‍ക്ക്‌ എല്ലാക്കാലത്തും സംഭവിക്കുന്ന തെറ്റ്‌ - അമിതാവേശം മൂലം ആരോപണങ്ങള്‍ കൈവിട്ടുപോകുന്നത്‌ - അതു തന്നെ ഇത്തവണയും സംഭവിച്ചു. "അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്‌" എന്നു കാണിക്കാനെന്നോണം അച്ചടിച്ചു വന്ന വാര്‍ത്തകളെല്ലാം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ്‌ വിശ്വാസ്യത നഷ്ടപ്പെട്ടവയായിരുന്നു.


"അന്വേഷണ സംഘത്തെ നയിച്ച ഗീതാ ജോഹ്‌രി എന്ന ഉദ്യോഗസ്ഥയെ മാറ്റി" എന്നതാണ്‌ ആദ്യം ഉന്നയിക്കപ്പെട്ടു കണ്ട ആരോപണം.


അതു സത്യമാണെങ്കില്‍, ഗുജറാത്ത്‌ പോലീസിന്‌ അതിനേക്കുറിച്ചെന്താവും പറയാനുണ്ടാവുക? മലയാള പത്രങ്ങളൊന്നും മനപ്പൂര്‍വമെന്നോണം പ്രസിദ്ധീകരിക്കാതിരുന്ന അക്കാര്യം, ചില ഇംഗ്ലീഷ്‌ പത്രങ്ങളിലും മറ്റു ചില ദേശീയ പത്രങ്ങളിലുമാണ്‌ കണ്ടെത്താനായത്‌.


സത്യത്തില്‍, എന്തുകൊണ്ട്‌ ഗീതയെ മാറ്റിയെന്നതിന്‌ കോടതി തന്നെ പോലീസിനോട്‌ വിശദീകരണം ആവശ്യപ്പെടുകയും അവര്‍ മറുപടി നല്‍കുകയും ചെയ്തതാണ്‌. അവരുടെ വിശദീകരണം ഇതായിരുന്നു.


ഇത്തരം കേസുകളിലെല്ലാം, ഒരു ഓഫീസര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുക എന്നതാണ്‌ ഗുജറാത്ത്‌ പോലീസിലെ നടപടിക്രമം. കേസിന്റെ ഗൗരവം എത്രത്തോളമാണ്‌ - തുടര്‍ന്ന്‌ ഒരു വിശദമായ അന്വേഷണം ആവശ്യമുണ്ടോ - പോലീസില്‍ത്തന്നെ മറ്റൊരു വിഭാഗത്തിന്‌ കേസ്‌ കൈമാറുകയാണോ വേണ്ടത്‌ - ഇത്തരം കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടും. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ തുടര്‍ന്നുള്ള അന്വേഷണം വേണമെന്നു തീരുമാനിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ വേണ്ടെന്നും. അന്വേഷണം വേണമെന്നാണെങ്കില്‍ത്തന്നെ അത്‌ ചിലപ്പോള്‍ ഉടന്‍ തന്നെയാവാം, അല്ലെങ്കില്‍ അല്‍പം കാലതാമസമുണ്ടാവാം.


പ്രാഥമികാന്വേഷണത്തിനു മാത്രമായി പ്രത്യേകം ഉദ്യോഗസ്ഥരില്ല. ചില കേസുകള്‍ തുടര്‍ന്നന്വേഷിച്ചവരായിരിക്കും മറ്റു ചിലതിന്റെ പ്രാഥമികാന്വേഷണം നടത്തുന്നത്‌. തിരിച്ച്‌ ചില കേസുകള്‍ ആദ്യം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ മറ്റു ചിലതിന്റെ വിശദമായ അന്വേഷണങ്ങള്‍ക്കും നിയോഗിക്കപ്പെട്ടേക്കാം. ഉദ്യോഗസ്ഥരുടെ ലഭ്യത, ഏതെങ്കിലും മേഖലയില്‍ അവര്‍ക്കുള്ള പ്രത്യേക പരിചയവും കഴിവും, ഇങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ച്‌ ചുമതലകള്‍ കിട്ടുന്നത്‌ മാറി മറിഞ്ഞു വരും. ചിലപ്പോള്‍ ഒരാള്‍ പ്രാഥമികാന്വേഷണം നടത്തിയ കേസ്‌ അദ്ദേഹത്തിനു തന്നെ ലഭിച്ചെന്നുമിരിക്കും. ഇതൊക്കെ മറ്റു പല കേസുകളുടെയും ഉദാഹരണ സഹിതം വ്യക്തമാക്കപ്പെട്ടുവത്രേ.


ഗീതയ്ക്ക്‌ ഈ കേസിന്റെ പ്രാഥമികാന്വേഷണ ചുമതലയാണ്‌ നല്‍കിയിരുന്നതെന്നും, അതിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചതോടെ സ്വാഭാവികമായും അവരുടെ ചുമതലകള്‍ അവസാനിച്ചുവെന്നും (ഇതൊക്കെ ഗീത തന്നെ പിന്നീട്‌ സ്ഥിരീകരിച്ചതുമാണ്‌), അത്‌ പിന്നീട്‌ ഒരു 'ഒഴിവാക്കല്‍' ആയി ചിത്രീകരിക്കപ്പെടുകയാണുണ്ടായതെന്നും പോലീസ്‌ കോടതിയെ അറിയിച്ചു.


തുടരന്വേഷണത്തിന്‌ കൃത്യം ഗീത തന്നെ തെരഞ്ഞെടുക്കപ്പെടാതിരുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്ന പോലീസിന്റെ നിലപാട്‌ കോടതി അംഗീകരിച്ചു. ഗീതയുടെ റിപ്പോര്‍ട്ട്‌ തള്ളിക്കളയുകയല്ല ചെയ്തത്‌ - മറിച്ച്‌ തുടരന്വേഷണം അനുവദിക്കപ്പെടുകയാണ്‌ ഉണ്ടായത്‌ - അത്‌ ഗീതയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം തന്നെയാണു സൂചിപ്പിക്കുന്നത്‌ - എന്നതൊക്കെ കോടതി പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തിരുന്നു.


(ഇതിന്റെയൊന്നും ചെറിയ സൂചനകള്‍ പോലും തരാന്‍ മലയാള പത്രങ്ങളൊന്നും തയ്യാറാകാതിരുന്നതുകൊണ്ട്‌ പലരും ഇപ്പോഴും "ഗീതയെ മാറ്റിയിരുന്നു" എന്നു വിശ്വസിച്ചു കഴിയുന്നവരാണ്‌.)


ഈ കേസില്‍, ഗീതയുടെ റിപ്പോര്‍ട്ട്‌ അംഗീകരിക്കപ്പെടുന്നതിനോ തുടരന്വേഷണം ഉണ്ടാകുന്നതിനോ അസ്വാഭാവികമായ കാലതാമസം പോലും ഉണ്ടായില്ല. രജനീഷ്‌ റായി എന്ന ഉദ്യോഗസ്ഥനായിരുന്നു തുടരന്വേഷണത്തിന്റെ ചുമതല. അദ്ദേഹം അന്വേഷണം നടത്തുന്നതിനിടെയാണ്‌ അറസ്റ്റുകള്‍ ഉണ്ടാകുന്നതും.


('ഗീതയെ മാറ്റി' എന്ന വരട്ടുവാദത്തിന്റെ പൊള്ളത്തരം ഇവിടെയും തുറന്നുകാട്ടപ്പെടുന്നുണ്ട്‌. ഗീതയ്ക്ക്‌ ആരെങ്കിലും മനപൂര്‍വ്വം രണ്ടാം ചുമതല കൊടുക്കാതിരുന്നതാണെങ്കില്‍, പിന്നെ പകരം അത്‌ ആര്‍ക്കു കൊടുക്കുന്നോ അയാള്‍ അന്വേഷണം മുടക്കുന്നതിനു കൂട്ടു നില്‍ക്കുന്നയാളാവണമല്ലോ. പക്ഷേ രജനീഷ്‌ റായി അന്വേഷണം നല്ല രീതിയില്‍ നടത്തുകയും അറസ്റ്റുകള്‍ക്കു പോലും മുതിരുകയുമാണുണ്ടായത്‌. )


തുടരന്വേഷണം ഗീതയ്ക്കു ലഭിക്കാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്ന്‌ അംഗീകരിച്ച കോടതി, പക്ഷേ, അത്‌ ഉറപ്പു വരുത്തുന്നതിനായി, ഇനിയാണെങ്കിലും ഗീതയ്ക്കു തന്നെ ചാര്‍ജ്‌ ഏറ്റെടുക്കാന്‍ കഴിയുമോ? - അങ്ങനെയൊരു സ്ഥിതിവിശേഷമാണോ നിലവിലുള്ളത്‌ എന്ന്‌ ആരായുകയുണ്ടായി. ഉവ്വെന്ന മറുപടി ലഭിക്കുകയും ചെയ്തു. "എങ്കില്‍ ഗീതയ്ക്കു തന്നെ തുടരന്വേഷണവും കൈമാറുക. അവര്‍ക്കിപ്പോള്‍ മറ്റു ചുമതലകളുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം" എന്ന്‌ കോടതി ഉത്തരവിടുകയും ചെയ്തു.


ഇത്‌ മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതി വളരെ രസകരമാണ്‌. "ഗീതയ്ക്ക്‌ അന്വേഷണച്ചുമതല "തിരികെ" നല്‍കാന്‍ ഉത്തരവ്‌ - സര്‍ക്കാരിനു തിരിച്ചടി" എന്ന മട്ടാണ്‌ പലരും എഴുതിയത്‌. ഇതില്‍ "തിരികെ" എന്നതു തിരുകിക്കയറ്റിയതാണ്‌. തുടരന്വേഷണത്തിന്റെ ചുമതല ഇല്ലാതിരുന്ന ഗീതയ്ക്ക്‌ അത്‌ ആദ്യമായി ലഭിക്കുകയാണ്‌ വാസ്തവത്തില്‍ ഉണ്ടായത്‌.


ആ തലക്കെട്ടിന്റെ രണ്ടാം പകുതിയില്‍ കുറച്ചെങ്കിലും ശരിയുണ്ടെന്നു വയ്ക്കാം. ഗുജറാത്ത്‌ പോലീസ്‌ തീരുമാനിച്ച അന്വേഷണ ഉദ്യോഗസ്ഥനെ (രജനീഷ്‌) മാറ്റി പകരം മറ്റൊരാളെ (ഗീത) ഏല്‍പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടതിനെ ഒരു തിരിച്ചടിയായി കണക്കാക്കാം. എന്നാല്‍, അന്നേ ദിവസത്തെ പത്രത്തില്‍ തന്നെ, ബോധപൂര്‍വ്വം മറ്റൊരു പേജില്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്ത വളരെ രസകരമാണ്‌. "അന്വേഷണ ഉദ്യോഗസ്ഥനെ രണ്ടാമതും മാറ്റി. രജനീഷ്‌ റായിയോടും ചുമതലയില്‍ തുടരണ്ട എന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു. ഗുജറാത്ത്‌ പോലീസ്‌ അതിരു വിടുന്നു" എന്നൊക്കെയായിരുന്നു എഴുത്തിന്റെ പോക്ക്‌!!!


എന്തൊരു ആനമണ്ടത്തരമാണത്‌? ഗീതയ്ക്കു ചുമതല കൈമാറാന്‍ കോടതി ഉത്തരവിട്ടാല്‍ പിന്നെ രജനീഷിനെ മാറ്റാതിരിക്കുന്നതെങ്ങനെ? പിന്നെന്താ രണ്ടു പേരും കൂടി അന്വേഷിക്കണമെന്നാണോ മലയാള പത്രങ്ങള്‍ വാദിക്കുന്നത്‌? അതെന്താ കോടതി അലക്ഷ്യമാവില്ലേ? കോടതി ഉത്തരവ്‌ അനുസരിച്ചാലും പ്രശ്നമോ? ഉദ്യോഗസ്ഥനെ "വീണ്ടും" മാറ്റിയത്രേ! തൊട്ടാലും പ്രശ്നം തൊട്ടില്ലെങ്കിലും പ്രശ്നം എന്ന മട്ട്‌!


ഇത്‌ തന്ത്രപരമായ റിപ്പോര്‍ട്ടിങ്ങിന്റെ ഉത്തമ ഉദാഹരണമാണ്‌. സത്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന്‌ ഒരു തവണ പോലും "മാറ്റല്‍" സംഭവിച്ചിട്ടില്ല. ആകെ ഒരു തവണ മാറ്റിയത്‌ കോടതി ഉത്തരവനുസരിച്ചു ചെയ്തതാണ്‌. പക്ഷേ, ചില വാര്‍ത്തകള്‍ മറച്ചുപിടിച്ചും മറ്റു ചിലത്‌ വളച്ചൊടിച്ചും സാഹചര്യം അപ്പാടെ മാറ്റിക്കളഞ്ഞ മിടുക്കു നോക്കുക!


മുകളില്‍പറഞ്ഞ രണ്ടു വാര്‍ത്തകളും അടുപ്പിച്ചടുപ്പിച്ചോ അല്ലെങ്കില്‍ ഒരു പേജില്‍ത്തന്നെയോ കൊടുത്തിരുന്നെങ്കില്‍, ചിലരെങ്കിലും അതു രണ്ടും ചേര്‍ത്ത്‌ ആലോചിച്ച്‌ അവയിലെ ഭീമമായ വൈരുദ്ധ്യം കണ്ടെത്തിയേനെ. അതിനു പകരം അവയെ പല പേജുകളിലായി ചിതറിച്ചിട്ട രാക്ഷസബുദ്ധിയ്ക്ക്‌ അതിന്റെ പ്രതിഫലവും ലഭിച്ചിട്ടുണ്ട്‌. അന്നത്തെ പത്രങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാധാരണക്കാര്‍ക്കു ലഭിക്കുന്ന ഒരു ഇമേജ്‌ ഇങ്ങനെയൊക്കെയാണ്‌. "ഗുജറാത്ത്‌ പോലീസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥരെ തുടരെത്തുടരെ മാറ്റിക്കൊണ്ടിരിക്കുന്നു. കോടതി ഇടപെടുന്നു. ശാസിക്കുന്നു...ആകെ പ്രശ്നം!"


ഇതൊക്കെ വായിച്ചു വിശ്വസിക്കുന്ന, അധികം ചിന്തിച്ചു ശീലമില്ലാത്ത പാവങ്ങള്‍ വെറുതേ ഇതേപ്പറ്റിയൊക്കെ ഓര്‍ത്തു വികാരം കൊണ്ട്‌ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


ഇവിടെ, ചില സാദ്ധ്യതകളേപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്‌.


സംസ്ഥാന പോലീസ്‌ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്‌ സി.ബി.ഐ. അന്വേഷണത്തിനായി കൈമാറേണ്ടിവന്നാല്‍ അത്‌ പോലീസ്‌ സേനയ്ക്കും സംസ്ഥാന ആഭ്യന്തര വകുപ്പിനും വലിയ നാണക്കേടാണ്‌. അതുകൊണ്ട്‌ അത്തരമൊരു നീക്കമുണ്ടായാല്‍ പ്രതിരോധിക്കപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്‌ (പക്ഷേ, മാറാടെന്നും സി.ബി.ഐ. എന്നും ഒരുമിച്ചു കേട്ടാല്‍ ഇടതു വലതു നേതാക്കന്മാരുടെ മുട്ടു വിറയ്ക്കുന്നതിനു കാരണം വേറെയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം).


പ്രതി ഒരു പ്രമുഖനായതുകൊണ്ട്‌ അയാളുമായി അടുപ്പമുള്ളവര്‍ സാദ്ധ്യമെങ്കില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നതും ഊഹിക്കാവുന്നതേയുള്ളു.


ഈ സാദ്ധ്യതകള്‍ - ഇവയില്‍പ്പിടിച്ചാണ്‌ പത്രങ്ങള്‍ കളിക്കുന്നത്‌. ഒരാളെങ്കിലും വിശ്വസിച്ചേക്കുമെന്നിടത്ത്‌ ഊഹാപോഹങ്ങളെഴുതുന്നത്‌ പ്രയോജനകരം തന്നെ.


അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അതു കണ്ടെത്തി, തെളിവുകളടക്കം വെളിപ്പെടുത്തണമായിരുന്നു. അതാണ്‌ അന്തസ്സായ പത്രപ്രവര്‍ത്തനം. ഇവിടെ നടന്നത്‌ അതല്ല. ഏകപക്ഷീയമായ ആക്രമണമായിരുന്നതു കൊണ്ട്‌ സത്യമെന്തായിരുന്നുവെന്ന്‌ ഇപ്പോഴും വ്യക്തമല്ല.


അഞ്ച്‌ - മാദ്ധ്യമ മൂല്യങ്ങളുടെ മരണം!



അതിനിടെ, ആവേശം മൂത്ത്‌, കമ്മ്യൂണിസ്റ്റു പത്രമായ 'ദ ഹിന്ദു' മുന്‍പേജില്‍ ചില "തെളിവുകള്‍" നിരത്തി! 2007 മെയ്‌ അഞ്ചിന്‌.


'ആഭ്യന്തരമന്ത്രി അമിത്ഷാ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനേപ്പറ്റി ഗീതയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌ - സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ അവര്‍ തന്നെ നിര്‍ദ്ദേശിക്കുന്നുമുണ്ട്‌' എന്നൊക്കെ 'ദ ഹിന്ദു' എഴുതി. "ഗീതയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്‌ - ചില വരികള്‍ ഇതാ" എന്ന മട്ടില്‍ അവര്‍ ഒരു ഡോക്യുമെന്റിലെ ചില വരികള്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ അടക്കം വിശദമായൊരു വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ മുന്‍പേജില്‍ത്തന്നെ കൊടുത്തു.


അതു സത്യമാണെങ്കില്‍, മലയാള പത്രങ്ങള്‍ അതിനെ ഏറ്റുപിടിച്ച്‌ ആക്രോശിച്ച്‌ പ്രത്യേക സപ്ലിമെന്റുകള്‍ തന്നെ പുറത്തിറക്കേണ്ടതാണ്‌. പക്ഷേ അതുണ്ടായില്ല. 'ദ ഹിന്ദു' പത്രത്തിന്റെ കണ്ടുപിടുത്തത്തിന്‌ മറ്റാരും അംഗീകാരം കൊടുത്തു കണ്ടില്ല.


അതെന്താണെന്നറിയാന്‍ വീണ്ടും കേരളത്തിനു പുറത്തുള്ള മാദ്ധ്യമങ്ങള്‍ പരതിയപ്പോഴാണു ശ്രദ്ധിക്കുന്നത്‌ - പിറ്റേ ദിവസം തന്നെ 'ദ ഹിന്ദു' നിലപാടു മാറ്റിയിരുന്നു! ദേശീയ തലത്തില്‍ പ്രചാരമുള്ള ഒരു പത്രത്തില്‍ നുണകള്‍ എഴുതിപ്പിടിപ്പിച്ചുകൊണ്ട്‌ തങ്ങള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയതിനെ ഗുജറാത്ത്‌ സര്‍ക്കാര്‍ അന്നു തന്നെ ചോദ്യം ചെയ്തതു കൊണ്ടുമാത്രം.


"ഞങ്ങള്‍ക്കു ലഭിച്ചത്‌ ഗീതയുടെ റിപ്പോര്‍ട്ടല്ലായിരുന്നു - അതിന്റെ ഉറവിടമേത്‌ - എഴുതിയതാര്‌ എന്നൊക്കെ ഇപ്പോള്‍ ഞങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്‌ - വസ്തുതകള്‍ പരിശോധിക്കാതെ അതു പ്രസിദ്ധീകരിച്ച്‌ ഗുരുതരമായ പിഴവു വരുത്തിയതിനു ക്ഷമാപണം" !


എന്റെ ദൈവമേ!

എന്നാലും ഒരു പത്രം അന്ധമായ രാഷ്ട്രീയവിരോധം മൂത്ത്‌ ഇത്ര വലിയ തെറ്റുകളില്‍ ചെന്നു ചാടാമോ?


"ഹിന്ദു"വിന്റെ സ്വന്തം വാക്കുകള്‍ ചിലത്‌ ഇങ്ങനെ.

"The Hindu retracts its front-paged assertion that the Johri report speaks of ``collusion of the State government'' and of the role of Mr. Amit Shah, Minister of State for Home; and also that it recommends a CBI enquiry. We deeply regret these serious errors in a story that drew on documents we relied upon in good faith. We agree that we should have verified the facts, especially those relating to the provenance of ``Facts of the Case,'' before publishing the news stories"


ഗീതയുടെ റിപ്പോര്‍ട്ടിനേപ്പറ്റി സത്യത്തില്‍ യാതൊരു നുണപ്രചാരണത്തിനും വകുപ്പില്ലാത്തതാണ്‌. കാരണം, മാദ്ധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഗീത തന്നെ പ്രസ്താവന നടത്തിയിട്ടുള്ളതാണ്‌. തന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ഒരിടത്തു നിന്നും ശ്രമമുണ്ടായിട്ടില്ലെന്നും, തന്റെ റിപ്പോര്‍ട്ടില്‍ ആഭ്യന്തരമന്ത്രിയുടെ പേരൊന്നും പരാമര്‍ശിക്കുന്നതേയില്ല എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ചില വാചകങ്ങള്‍ ഇങ്ങനെ.


"It may please be noted that except for report No.677/Pre. Inq./06 dated 7.12.2006 sent on behalf of CID Crime in the above case to the DGP office, I have not sent or signed any other report on this issue. The above report does not mention names of any police officer or the Hon'ble Minister."


"I was entrusted with this Preliminary Enquiry w.e.f. June 2006 till 6.3.2007 when further investigation in the above case was taken up by a Special Investigation Team. The preliminary inquiry was done in a fair and impartial manner with no interference from any quarter."


ദൈവമേ - എന്തൊരു അധാര്‍മ്മികമായ പത്രപ്രവര്‍ത്തനമാണ്‌ ഇവിടുള്ളവര്‍ നടത്തുന്നത്‌?

അറപ്പുളവാക്കുന്ന തരത്തില്‍ പച്ചക്കള്ളം എഴുതാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയനിലപാട്‌ എന്തു തന്നെയായാലും ശരി - ഇവരൊക്കെ മാപ്പര്‍ഹിക്കുന്നുണ്ടോ?

ഇതുപോലെ തന്നെ നുണപ്രചാരണം നടത്തുകയും എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്ത്‌ കലാപകാലത്ത്‌ ആളുകളെ കൊലചെയ്യിച്ച്‌ അതില്‍ ആഹ്ലാദിച്ച്‌ കൂടുതല്‍ മുതലെടുപ്പു നടത്തിയത്‌ ഇതേ തരം മാദ്ധ്യമങ്ങളും ഇവരുടെ പിന്നിലുള്ള രാഷ്ട്രീയക്കാരുമല്ലേ?

ഇവര്‍ക്കൊക്കെ ഗുജറാത്തെന്ന പേര്‌ ഉച്ചരിക്കാന്‍ അവകാശമുണ്ടോ?

ഇവരേപ്പോലുള്ളവരെ പേറേണ്ടി വരുന്നത്‌ നമ്മുടെ രാജ്യത്തിന്റെ തന്നെ ശാപമല്ലേ?


സൊഹ്രാബുദ്ദീന്റെ ക്രിമിനല്‍ പശ്ചാത്തലമെന്നത്‌ 'കെട്ടിച്ചമച്ച'തായിരുന്നുവെന്ന്‌ പത്രങ്ങള്‍ക്കഭിപ്രായമുണ്ടായിരുന്നോ? ഉവ്വെങ്കില്‍ അവര്‍ അതിനു തെളിവുകള്‍ നിരത്തുകയല്ലായിരുന്നോ വേണ്ടത്‌? പകരം അവര്‍ അതെല്ലാം സൗകര്യപൂര്‍വ്വം മറച്ചു വച്ച്‌ "ഒരു നിരപരാധിയെ കൊന്നു" എന്ന മട്ടില്‍ വിലപിച്ചു. രാഷ്ട്രീയമോ അല്ലാത്തതോ ആയ എന്തു നേട്ടത്തിനു വേണ്ടിയായാലും ശരി, ആരെ പ്രീണിപ്പിക്കാനാണെങ്കിലും ശരി - അതീവ ഗുരുതരമായ കുറ്റമാണത്‌.


അപരാധിയാണെങ്കിലെന്താ കൊല്ലാന്‍ പാടുണ്ടോ? ഇല്ലല്ലോ.

അതേക്കുറിച്ചും കൂടിയായിരുന്നു ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്‌. പക്ഷേ അപ്പോള്‍ മറ്റിടങ്ങളില്‍ നടക്കുന്ന സകല വ്യാജ ഏറ്റുമുട്ടലുകളേക്കുറിച്ചും പറയേണ്ടിവരുമല്ലോ. അതിനൊക്കെ ആര്‍ക്കു നേരം?


"മതേതരം" എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറ്റിമറിച്ച്‌ "മതം കൊണ്ട്‌ എന്തെങ്കിലും തരമാക്കാന്‍ പറ്റുമോ എന്നു നോക്കുന്ന" കൂസിസ്റ്റുകളുടെ കപടമുഖം കൂടുതല്‍ കൂടുതല്‍ തെളിയുന്നതു തന്നെയാണു നാമിവിടെ കാണുന്നതു നിഷാദേ.



ആറ് - സമുദായം - സമുദായം!


ഒരു ബി.ജെ.പി. ഗവണ്മെന്റിനെ, പ്രത്യേകിച്ചും ഗുജറാത്തിലെ ഗവണ്മെന്റിനെ ആക്രമിക്കാന്‍ കിട്ടുന്ന അവസരം, പതിവു ശൈലിയില്‍ ആഘോഷിക്കുന്നതാണെന്നു കരുതി, മുകളില്‍പ്പറഞ്ഞ അധാര്‍മ്മിക മാദ്ധ്യമപ്രവര്‍ത്തനങ്ങളൊക്കെ കണ്ടില്ലെന്നു നടിക്കാനാവില്ല. കാരണം, ഉത്തരവാദിത്തബോധമുള്ള ഒരു പൗരന്‍ ഒരിക്കലും കണ്ണടയ്ക്കാന്‍ പാടില്ലാത്ത ഒരു ഘടകമുണ്ടിതില്‍. സൊഹ്രാബുദ്ദീന്‍ കൊല്ലപ്പെട്ടത്‌ അയാള്‍ ഒരു മുസ്ലീമായതു കൊണ്ടു മാത്രമാണ്‌ എന്നു ധ്വനിപ്പിക്കുകയോ പച്ചയ്ക്കു പറയുകയോ ചെയ്യാനുള്ള പ്രവണതയാണത്‌.



കേട്ടാലുടനെ പൊട്ടിത്തെറിക്കാനല്ലാതെ ആലോചിക്കാന്‍ ആരും മെനക്കെടാത്ത വാചകങ്ങളില്‍ പെടുന്നു ഇതും.


ഇത്തരത്തിലൊരു പ്രചാരണം നടത്തേണ്ടത്‌ പലരുടെയും ആവശ്യമാണ്‌. സത്യത്തില്‍ എല്ലാവരും ആവേശം കയറി ബഹളം വയ്ക്കുന്നതും ആ ഒരു സാദ്ധ്യത കണ്ടിട്ടാണ്‌. വല്ല സൂര്യനാരായണനെന്നോ മറ്റോ പേരുള്ള ഒരുവനായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ അവന്റെ കാര്യം അന്വേഷിക്കാന്‍ മനുഷ്യാവകാശ ലേഖകന്മാരെ മഷിയിട്ടു നോക്കിയാലും കാണാന്‍ കഴിയുമായിരുന്നില്ല എന്നത്‌ ഒരാള്‍ക്കും നിഷേധിക്കാനാവാത്ത സത്യം!


മറ്റു സംസ്ഥാനങ്ങളില്‍ നൂറുകണക്കിനു വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുവെന്നു കണക്കുകള്‍ കാണിക്കുമ്പോള്‍, അതേക്കുറിച്ചൊന്നും ഒരക്ഷരം പോലും പറയാനില്ലാത്തവര്‍ സൊറാബുദ്ദീന്റെ കാര്യത്തില്‍ മാത്രം "ഏറ്റവും ഉയര്‍ന്ന ശബ്ദം എന്റേത്‌" എന്ന മട്ടില്‍ മത്സരിക്കുന്നതിനു പിന്നിലും അതിലെ വര്‍ഗീയ വിപണന സാദ്ധ്യതകള്‍ തന്നെയാണു പ്രവര്‍ത്തിക്കുന്നത്‌. മതേതരവാദികളുടെ ഓരോരോ കഷ്ടപ്പാടുകള്‍!


ഒരു മുസ്ലീമിനെക്കണ്ടാല്‍ ഉടന്‍ തന്നെ അയാള്‍ തീവ്രവാദിയാണ്‌ എന്നൊന്നും ആരും ധരിച്ചുപോകുകയൊന്നുമില്ല. 'മുസ്ലീങ്ങളെ മൊത്തത്തില്‍ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു' എന്നൊക്കെ കെ.എന്‍.പണിക്കരേപ്പോലുള്ള കക്ഷികള്‍ എഴുതിവിടുന്നുണ്ട്‌. തികച്ചും തെറ്റാണത്‌. ആരും അങ്ങനെ പ്രചരിപ്പിക്കുന്നതായി അറിവില്ല. ആരെങ്കിലും അങ്ങനെയൊരു മണ്ടന്‍ പ്രചാരണം നടത്തിയാല്‍ അതുകൊണ്ട്‌ അവര്‍ക്ക്‌ എന്തു നേട്ടമാണുള്ളതെന്നു കൂടി വാദിക്കുന്നവര്‍ പറഞ്ഞു തരേണ്ടതുണ്ട്‌. വര്‍ഗ്ഗീയത, പാര്‍ശ്വവല്‍ക്കരണം, ഉന്മൂലനം എന്നൊക്കെപ്പറഞ്ഞ്‌ കെ.എന്‍.പണിക്കരേപ്പോലുള്ളവര്‍ വാദിക്കുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്‌. അങ്ങനെയാണെന്നു വരുത്തിത്തീര്‍ത്ത്‌ നേട്ടം കൊയ്യാനുള്ള ഹീനശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല അത്‌. വളരെ വിശദമായി പറയേണ്ട വിഷയമാണ്‌. പിന്നീടെഴുതാം.


സംശയകരമായ ഒരു സാഹചര്യത്തിലാണെങ്കില്‍, തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന സൂചന കൂടിയാണെങ്കില്‍, ഒരു മുസ്ലിം മറ്റുള്ളവരെ അപേക്ഷിച്ച്‌ പെട്ടെന്നു സംശയിക്കപ്പെടും എന്നതു വാസ്തവമാണ്‌. എല്ലാവരുടെയും കണ്മുന്നില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന ചില സമുദായാംഗങ്ങളല്ലാതെ മറ്റാരുമല്ല അതിന്‌ ഉത്തരവാദികള്‍. തീവ്രവാദം സമുദായത്തിനു വരുത്തുന്ന വിനകള്‍ മനസ്സിലാക്കി അതിനെ ഉന്‍മൂലനം ചെയ്യാന്‍ സമുദായത്തിനുള്ളില്‍ നിന്നു തന്നെ നടക്കുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും വിജയിക്കുകയും ചെയ്യട്ടെ. സമുദായത്തിനു പുറത്തു നിന്നു നടക്കുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളേയും സകലരും സര്‍വ്വാത്മനാ പിന്തുണയ്ക്കുകയാണു വേണ്ടത്‌. അല്ലാതെ അതില്‍ വര്‍ഗ്ഗീയതയാരോപിച്ച്‌ വോട്ടു തട്ടാന്‍ ശ്രമിക്കുകയല്ല.


സൊഹ്രാബുദ്ദീന്‍ കേസില്‍, കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രേരണയെന്തെന്നാണ്‌ കണ്ടെത്തേണ്ടത്‌. ഈയൊരവസരം തങ്ങളുടെ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം എന്നല്ല.


പോലീസുദ്യോഗസ്ഥര്‍ സൊഹ്രാബുദ്ദീനെ എന്തിനു കൊന്നുവെന്നാണ്‌ പത്രങ്ങളും ആക്രോശസാഹിത്യസംഘവുമൊക്കെ പറയുന്നത്‌?


'മുസ്ലീമാണെന്ന വിരോധം വച്ചു മാത്രം' എന്നാരെങ്കിലും പറയുന്നെങ്കില്‍, അയാള്‍ അതിരു കവിഞ്ഞ, അന്ധമായ വര്‍ഗ്ഗീയചിന്തയ്ക്കടിമപ്പെട്ടവനാണെന്ന്‌ നിസ്സംശയം പറയാം. അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നൊരാളുടെ വര്‍ഗ്ഗീയ മനസ്സിനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല.


അല്‍പം കൂടി വിശ്വാസ്യമായ ഒരു കാരണം കൊണ്ടു വന്നെങ്കിലേ ആക്രോശിക്കുന്നവര്‍ക്കു നിലനില്‍പ്പുള്ളൂ. അതുകൊണ്ട്‌ അവര്‍ പറയുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടപ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടാനായി ചെയ്യിച്ചതാണെന്നാണ്‌!


അത്ഭുതകരമായിരിക്കുന്നു ആ കണ്ടു പിടിത്തം!


എത്ര വലിയ ഭീകരനാണെന്നു വരുത്തിയാലും ശരി - ഒരാളുടെ കൊലപാതകത്തിലൂടെ ശ്രദ്ധ തിരിച്ചു വിടുവാന്‍ കഴിയുമായിരുന്ന എന്തോ പ്രശ്നത്തിലായിരുന്നിരിക്കണമല്ലോ അപ്പോള്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടത്‌. വാദിക്കുന്നവര്‍ പറയണം - എന്തായിരുന്നു ആ വിമര്‍ശനങ്ങളെന്ന്‌. സൊഹ്രാബുദ്ദീന്‍ കൊല്ലപ്പെടുന്ന കാലത്ത്‌ എന്തായിരുന്നു പ്രശ്നം?


കലാപത്തോടനുബന്ധിച്ച്‌ സകല എതിരാളികളില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുമെല്ലാം രൂക്ഷമായ എതിര്‍പ്പുകളെ നേരിട്ട മോഡി സര്‍ക്കാര്‍ -

കലാപ സമയത്ത്‌ പോലീസ്‌ വെടിവയ്പ്പില്‍ ഇരുനൂറോളം അക്രമികള്‍ കൊല്ലപ്പെട്ട സംഭവം പോലും 'മോഡി മനപൂര്‍വ്വം ചില ഹിന്ദുക്കളെ കുരുതി കൊടുത്ത്‌ കലാപം ശമിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു വരുത്തിയതാണ്‌' എന്ന മട്ടില്‍ അതികൃരവും തികച്ചും അപലപനീയവുമായ ആരോപണം പോലും നേരിടേണ്ടി വന്ന മോഡി സര്‍ക്കാര്‍ -

എന്തു ചെയ്താലും കുറ്റമെന്ന മട്ടില്‍ തുടര്‍ച്ചയായി എതിര്‍പ്പുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത സര്‍ക്കാര്‍ -

അത്ഭുതാവഹമായ ഭരണനേട്ടങ്ങള്‍ തുടര്‍ച്ചയായി മുന്നോട്ടു വച്ചിട്ടും ആട്ടും തുപ്പും മാത്രം ഏറ്റുവാങ്ങിയ സര്‍ക്കാര്‍ -

പിന്നീട്‌ ഇസ്രത്‌ ജഹാന്‍ സംഭവത്തിലും സകല ആക്രോശങ്ങളെയും നേരിട്ട മോഡി സര്‍ക്കാര്‍ -


ആ സര്‍ക്കാറിന്‌ വിമര്‍ശനങ്ങളില്‍ നിന്നു രക്ഷപെടാന്‍ ഒരു കൊലപാതകം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്നു പറഞ്ഞാല്‍ അത്‌ അവിശ്വസനീയമാണ്‌. പെട്ടെന്നു വികാരം കയറി എടുത്തു ചാടാതെ, ചിന്തിക്കാന്‍ സന്നദ്ധതയും ശേഷിയുമുള്ളവര്‍ക്ക്‌ അങ്ങേയറ്റം അവിശ്വസനീയം.


കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ വന്‍സാര അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞത്‌ ഭീകരവാദികളുമായുള്ള സൊഹ്രാബുദ്ദീന്റെ ബന്ധത്തേക്കുറിച്ച്‌ തനിക്ക്‌ സംശയമേതുമില്ലെന്നാണ്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളിയും ഇന്ത്യയില്‍ നടന്ന പല ഭീകരപ്രവര്‍ത്തനങ്ങളുടെയും ആസൂത്രകനുമായ ഷെരീഫ്‌ ഖാന്‍ ആസൂത്രണം ചെയ്തിരുന്ന മറ്റൊരു ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു അയാളെന്നും.


സൊഹ്രാബുദ്ദീനും കൗസര്‍ബിയുമൊന്നിച്ചു നടത്തിയ ബസ്‌ യാത്രയുടെ ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നു എന്നത്‌ ഇപ്പോളും അജ്ഞാതം. പക്ഷേ, അതിനിടയിലാണ്‌ അയാള്‍ പിടിക്കപ്പെടുന്നതെന്നതും, പിന്നീട്‌ കൊല്ലപ്പെട്ട സമയത്തെ 'യാത്ര' എന്നത്‌ വ്യാജമായിരുന്നു എന്നതും തെളിയിക്കപ്പെടുന്നിടത്താണ്‌ വന്‍സാര കുറ്റവാളിയാകുന്നതും ശിക്ഷാര്‍ഹനാകുന്നതും.


വീട്ടില്‍ നിന്നും ആയുധശേഖരം കണ്ടെടുത്തതു മുതല്‍ കൊല്ലപ്പെടുന്നതു വരെയുള്ള പത്തുകൊല്ലത്തോളം കാലം വിവിധ കേസുകളിലായി പോലീസിന്റെ ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ ഉണ്ടായിരുന്ന സൊഹ്രാബുദ്ദീന്‍ "ഒഴിവാക്ക"പ്പെടേണ്ടവനാണെന്ന ഒരു തോന്നല്‍ എപ്പോഴോ വന്‍സാരയ്ക്കുണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍. ഷരിഫ്‌ ഖാനും മറ്റും വഴിയുള്ള ദാവൂദ്‌ ഇബ്രാഹിം ബന്ധം മാത്രമാണോ ആ തോന്നലിനു പിന്നിലെന്ന്‌ വ്യക്തമല്ല. പാര്‍ട്ടി - സംസ്ഥാന - ഭാഷ - പോലീസ്‌ വ്യത്യാസമില്ലാതെ സകല വ്യാജ ഏറ്റുമുട്ടലുകളുടെയും പിന്നിലുള്ള അതേ തീരുമാനം - കോടതിക്കും നിയമത്തിനും മുന്നിലെത്തിക്കാതെ അവസാനിപ്പിച്ചു കളയുക എന്നത്‌ - ഏറ്റവും അവസാനം വെളിപ്പെട്ട രാജമൗലിയുടെ കാര്യത്തിലടക്കം സംഭവിച്ചത്‌ - അതു തന്നെ ഇവിടെയും സംഭവിച്ചിരിക്കണം. കുറ്റകരമാണത്‌. എല്ലാ വ്യാജ ഏറ്റുമുട്ടലുകളേയും പോലെ കുറ്റകരം. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.


ഏഴ്‌ ‌ - ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടുന്നതെപ്പോള്‍?


ഇവിടെ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ടു നിഷാദേ. ഏതെല്ലാം ഘട്ടത്തിലാണ്‌ ഒരു ഏറ്റുമുട്ടല്‍ കൊലപാതകം ന്യായീകരിക്കപ്പെടുന്നത്‌?


അത്‌ ആകെ ഒരു ഘട്ടത്തിലേയുള്ളൂ. ആയുധധാരിയായ ഒരു ഭീകരന്‍ ആക്രമണം അഴിച്ചു വിടുന്ന ഒരു ഘട്ടത്തില്‍, അയാളെ തടയുന്നതിന്റെയും സ്വജീവന്‍ രക്ഷിക്കുന്നതിന്റെയും ഭാഗമായി പോലീസ്‌ പ്രത്യാക്രമണം നടത്തുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നെങ്കില്‍ മാത്രം.


ഭീകരന്‍ ആക്രമണം നടത്തുമെന്ന്‌ നൂറു ശതമാനം ഉറപ്പുള്ള സന്ദര്‍ഭമാണെങ്കില്‍പോലും, ആദ്യവെടിയുതിര്‍ക്കാന്‍ പോലീസിനു സാദ്ധ്യമല്ല എന്നതാണു യാഥാര്‍ത്ഥ്യം. കടുത്ത മോഡി വിരോധിയായ ഒരു മലയാളി പോലീസ്‌ ഓഫീസറുടെ അത്തരത്തിലൊരു പരാമര്‍ശം പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൊടുത്തതുമാണ്‌. "കത്തിയുമായി വരുന്നവന്റെ കയ്യില്‍ നിന്ന്‌ കത്തി തട്ടിയെടുക്കുന്നതാണ്‌ പോലീസിന്റെ കര്‍ത്തവ്യം. അല്ലാതെ വെടി വച്ചു കൊല്ലുകയല്ല"എന്നാണദ്ദേഹം പറഞ്ഞത്‌.


ശരിയാണ്‌. 'കത്തിയുമായി വരുന്നവന്‍' എന്നു പറഞ്ഞു നിസ്സാരവല്‍ക്കരിച്ചതു മറക്കാം. പോലീസിന്റെ മുന്നില്‍പെടുന്നവര്‍ ഭീകരവാദികളും തീവ്രവാദികളുമൊക്കെ ആണെങ്കില്‍പോലും അവരെ അറസ്റ്റു ചെയ്ത്‌ നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടത്‌?

അതെ.

വിചാരണയ്ക്കു ശേഷം, ഇനി അത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതില്‍ നിന്ന്‌ ആളുകളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം. അതാണ്‌ ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്‌.


പക്ഷേ അത്‌ അങ്ങേയറ്റം ദുസ്സാദ്ധ്യവും മിക്കവാറും അസാദ്ധ്യവുമാണ്‌ എന്നിടത്താണ്‌ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്‌.


ഒരിക്കല്‍, ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു മലയാളി ജവാന്റെ കാര്യം ഞാന്‍ ഓര്‍ത്തുപോകുകയാണു നിഷാദേ. കാശ്മീരില്‍ കുറെ വര്‍ഷങ്ങള്‍ ജോലിചെയ്ത അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനിടെ അദ്ദേഹം തനിക്കു ഭീകരവാദികളെ വെടിവച്ചു വീഴ്ത്തേണ്ടിവരാറുള്ള കാര്യവും അനുസ്മരിച്ചിരുന്നു.


കടുത്ത ആക്രമണങ്ങള്‍ക്കിടയിലാണെങ്കില്‍പോലും, തന്റെ കുട്ടികളുടെ അത്രയും പ്രായം പോലുമില്ലാത്ത തീവ്രവാദി യുവാക്കളെ, അവര്‍ വഴിതെറ്റിക്കപ്പെടുന്നതാവാമെന്നറിഞ്ഞുകൊണ്ടു തന്നെ വെടിവച്ചിടേണ്ടി വരുന്നതിന്റെ വിഷമം അദ്ദേഹം പറഞ്ഞിരുന്നു. കൊല്ലുന്നതിനു പകരം അവരെ തടവിലാക്കി ശിക്ഷ നല്‍കാന്‍ ശ്രമിച്ചു കൂടേ എന്നു ചോദിച്ചപ്പോള്‍ 'അത്‌ അസാദ്ധ്യമാണ്‌' എന്നായിരുന്നു മറുപടി. ശിക്ഷയിലൂടെ മാനസാന്തരമുണ്ടാകുന്ന അവസ്ഥ മറികടന്നതിനു ശേഷമാണ്‌ അവര്‍ ആയുധമെടുക്കുന്നതു തന്നെ. മാത്രമല്ല, തടവില്‍ കഴിയുന്ന തീവ്രവാദികള്‍, പുറത്തുള്ളവരേക്കാള്‍ അപകടകാരികളുമാണത്രേ. അവരെ മോചിപ്പിക്കണമെന്നു പറഞ്ഞ്‌ ബഹളം കൂട്ടാനും നിര്‍ഭാഗ്യവശാല്‍ ഇവിടെ ആളുകളുണ്ടാവുമെന്നും, കണ്ടഹാറിലേക്കു വിമാനം റാഞ്ചിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും, സ്വജീവന്‍ പണയപ്പെടുത്തി അവരെ കീഴ്പ്പെടുത്തുവാന്‍ ശ്രമിച്ചാല്‍ അതുകൊണ്ട്‌ പ്രയോജനമല്ല ഉപദ്രവമാണുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.


കാശ്മീര്‍ തീവ്രവാദികളെ 'പോരാളികള്‍' എന്ന്‌ ആവേശത്തോടെ വിശേഷിപ്പിക്കുന്നവര്‍ നമുക്കിടയില്‍ത്തന്നെയുണ്ടെന്ന്‌ വ്യക്തമായി അറിയാവുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ നിരീക്ഷണത്തെ അധികം എതിര്‍ക്കാനായില്ല. കണ്ടഹാറിലെ കയ്പുനീര്‍ മറക്കാറുമായിട്ടില്ല. ഒരു മരണമുഖപ്പോരാട്ടം നടത്തേണ്ടി വരാറുള്ള ഏതാണ്ട്‌ എല്ലാ ഉദ്യോഗസ്ഥരുടേയും - പോലീസിന്റെയും പട്ടാളത്തിന്റെയും എല്ലാം - ഒരു പൊതുവികാരമായിട്ടാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുഭവപ്പെട്ടത്‌. അതാണു ശരിയെന്നല്ല - അതാണു പൊതുവികാരമായി കാണാറുള്ളത്‌ എന്നാണു പറയുന്നത്‌.


ഒരു മേജര്‍ തന്നെ സംവിധാനം ചെയ്ത 'കീര്‍ത്തി ചക്ര' എന്ന സിനിമയിലും ഏതാണ്ടിതുപോലൊരു നിരീക്ഷണം പങ്കു വയ്ക്കുന്ന ചില ദൃശ്യങ്ങളുണ്ട്‌.


ജനങ്ങള്‍ക്കിടയിലും ഈയൊരു വികാരം ശക്തമാണെന്നതാണു യാഥാര്‍ത്ഥ്യം. കുറ്റവാളികളെ ശിക്ഷിക്കാനാവാത്ത ഒരു സാഹചര്യമുണ്ട്‌ എന്ന തോന്നലുണ്ടാകുമ്പോള്‍ അവര്‍ക്കെതിരെയുള്ള ജനവികാരവുമുണ്ടാകും. പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ കാര്യം ഇവിടെ ഓര്‍ക്കാവുന്നതാണ്‌.


'അഫ്സലേ ഒന്ന്‌ ആത്മഹത്യ ചെയ്തു തരുമോ?' എന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടുപോലും ചില ബ്ലോഗ്‌ പോസ്റ്റുകള്‍ ഉണ്ടായതു നാം കണ്ടതാണ്‌. അത്തരം നിരീക്ഷണങ്ങളുടെ ശരി തെറ്റുകള്‍ എന്തായാലും ശരി - അഫ്സലെന്നല്ല ആരായാലും അമിതമായി സംരക്ഷിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍, അവര്‍ക്കെതിരായി ഒരു പൊതു വികാരം രൂപപ്പെട്ടു വരും എന്നത്‌ അനിഷേദ്ധ്യമായ സത്യമാണ്‌.


'ഫാസിസ്റ്റു'കളെ ഭര്‍ത്സിച്ചുകൊണ്ട്‌ സാധാരണ സംസാരിക്കുന്നവര്‍ കൂടി പ്രകടിപ്പിച്ചൊരു വികാരമാണ്‌ മുകളില്‍പറഞ്ഞത്‌. അപ്പോള്‍ അത്‌ ഏതെങ്കിലുമൊരു വിഭാഗം ആളുകളുടെയോ ഒരു മുഖ്യമന്ത്രിയുടെയോ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ ഒക്കെ തലയില്‍ കെട്ടിവയ്ക്കുന്നതു മണ്ടത്തരമാണ്‌ എന്നര്‍ത്ഥം.


സൊഹ്രാബുദ്ദീന്റെ കാര്യത്തിലടക്കം, സകല കാര്യങ്ങളും മോഡിയുടെ തലയില്‍ കെട്ടിവയ്ക്കുന്നവര്‍ പറയുന്നതു ശരിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്‌ ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്‌. കാരണം, അങ്ങനെയാണെങ്കില്‍ മോഡിയുടെ കാലശേഷം എല്ലാ പ്രശ്നങ്ങളും അവസാനിക്കണമല്ലോ. പക്ഷേ ബുദ്ധിയുള്ളവര്‍ക്കറിയാം മൂലകാരണം അതൊന്നുമല്ല എന്ന്‌. ജാതി-മത-പ്രായ ഭേദമില്ലാതെ പോലീസ്‌ - പട്ടാള - ഉദ്യോഗസ്ഥര്‍ക്കിടയില്‍ - പൊതുജനങ്ങള്‍ക്കിടയില്‍ - സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്കിടയില്‍ - പൊതുവെ പരന്നു കിടക്കുന്ന ഒരു വികാരം - ചില തരം കുറ്റവാളികളെ നിയമത്തിനു വിട്ടുകൊടുക്കാതെ അവസാനിപ്പിക്കുന്നതു തന്നെയാണു ശരി എന്നൊരു വികാരം - ആ വികാരം മൂലമാണ്‌ ചില ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ - വ്യാജമാണെന്ന ബോധത്തോടെ പോലും ന്യായീകരിക്കപ്പെടുന്നത്‌.


വ്യാജ ഏറ്റുമുട്ടലുകളേക്കുറിച്ചു ചിന്തിക്കുന്നവര്‍ ചിന്തിക്കേണ്ടത്‌ ഈയൊരു വികാരത്തേക്കുറിച്ചു കൂടിയാണ്‌. അത്തരം വികാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളേക്കുറിച്ചാണ്‌. വ്യാജ ഏറ്റുമുട്ടലുകള്‍ അവസാനിക്കണമെങ്കില്‍, മേല്‍പറഞ്ഞ വികാരത്തിലൂടെ അവ ന്യായീകരിക്കപ്പെടുന്ന അവസ്ഥയാണ്‌ ആദ്യം അവസാനിക്കേണ്ടത്‌ എന്നതിനേക്കുറിച്ചാണ്‌. സങ്കുചിത രാഷ്ട്രീയ-മത- ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടേക്കാവുന്നവര്‍ക്ക്‌ ഇത്രയുമൊന്നും ചിന്തിച്ച്‌ എത്തുവാന്‍ കഴിഞ്ഞേക്കില്ല. സാഹചര്യം എങ്ങനെ പരമാവധി തങ്ങള്‍ക്കനുകൂലമാക്കാം എന്നേ അവര്‍ ചിന്തിക്കൂ.