നിഷാദേ,
ആദ്യമായി ഒരു വനിത രാഷ്ട്ര'പതി'യാവുന്നു എന്നത് മാദ്ധ്യമങ്ങള്‍ ആഘോഷിച്ചിരുന്ന സമയത്ത് നീയുമായി ഇതു ചര്‍ച്ച ചെയ്യണമെന്നു കരുതിയിരുന്നതാണ്. ഇപ്പോളാണ് സമയം കിട്ടിയത്.
പ്രതിഭാപാട്ടീലിനെ 'രാഷ്ട്രപതി' എന്നു വിശേഷിപ്പിക്കുന്നത് ഒരുതരം അശ്ലീലപ്രയോഗമായിട്ടാണ് എനിക്കു തോന്നാറുള്ളത്. അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും. 'ആണ്‍' രാഷ്ട്രപതിയുടെ യഥാര്‍ത്ഥ ഭാര്യയെ 'പ്രഥമവനിത'യെന്നും പറയാറുണ്ട്. വേണമെങ്കില്‍ അശ്ലീലമാരോപിക്കാവുന്ന ഒരു പ്രയോഗം തന്നെ അതും.
വനിതകളെ ബഹുമാനിക്കുന്നതും രാഷ്ട്രത്തെ വനിതയായി സങ്കല്‍പിക്കുന്നതും നമ്മുടെ പ്രൗഢസംസ്കാരത്തിന്റെ ഭാഗം. കേവലമൊരു പ്രജയെ അതുപോലെ ഉയര്‍ത്തി പതിസ്ഥാനം നല്‍കാന്‍ ശ്രമിക്കുന്നിടത്താണു പ്രശ്നം. മനുഷ്യനെ മനുഷ്യന്റെ നിലയ്ക്കു നിര്‍ത്താമെന്നും 'ജീവിതപങ്കാളി' എന്നത് മനുഷ്യര്‍ക്കാണുള്ളത് എന്നും തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ.
'രാഷ്ട്രപതി' എന്നത് ഒരു ഭരണഘടനാപദവി ആയതുകൊണ്ട് പേരിനു മാറ്റം വന്നാല്‍ അതിന് ഒരുപാടു മാനങ്ങളുണ്ട്. ഒരു സാഹചര്യത്തിലും ആ പേരു മാറ്റേണ്ടതില്ല എന്നാണത്രെ പ്രമുഖ സാഹിത്യകാരന്മാര്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രപത്നി (!) എന്നാക്കണമെന്ന് ചില വനിതാ സംഘടനാ പ്രവര്‍ത്തകരും. എന്തായാലും - ബന്ധപ്പെട്ട എല്ലാവരുടെയുമടുത്ത് - മാദ്ധ്യമങ്ങളും ഭാഷാവിദഗ്ദ്ധരുമടക്കമുള്ളവരുടെ മുമ്പില്‍ - നിര്‍ദ്ദേശങ്ങളവതരിപ്പിക്കാന്‍ സാധാരണക്കാരായ ഭാഷാസ്നേഹികള്‍ക്ക് അവസരം ഒരുങ്ങുകയാണെങ്കില്‍, ഞാന്‍ താഴെപ്പറയുന്ന പേരുകള്‍ മുന്നോട്ടു വയ്ക്കും.
(1) പ്രഥമപൗരന്‍:- രാജ്യത്തെ പൗരന്മാരില്‍ ഒന്നാമന്‍ - ആണ്‍പ്രസിഡന്റ്.
ഉദാഹരണം:- APJ അബ്ദുള്‍കലാം, കെ.ആര്‍.നാരായണന്‍ തുടങ്ങിയവര്‍ നമ്മുടെ പ്രഥമപൗരന്മാരായിരുന്നു.
(2) പ്രഥമവനിത:- രാജ്യത്തെ വനിതകളില്‍ ഒന്നാമതു നില്‍ക്കുന്നവള്‍ - പെണ്‍പ്രസിഡന്റ്.
ഉദാഹരണം:- പ്രതിഭാപാട്ടീല്‍ ഇപ്പോള്‍ നമ്മുടെ പ്രഥമവനിതയാണ്.
(3) പ്രഥമപതി:- രാജ്യത്തെ ഭര്‍ത്താക്കന്മാരില്‍ ഒന്നാമതു നില്‍ക്കുന്നയാള്‍. പ്രഥമവനിതയുടെ പതി.
ഉദാഹരണം:- പ്രതിഭാപാട്ടീലിന്റെ ഭര്‍ത്താവ് ദേവിസിംഗ് റാണ്‍സിംഗ് ഷെഖാവത്ത് ഇപ്പോള്‍ നമ്മുടെ പ്രഥമപതിയാണ്.
(4) പ്രഥമപത്നി:- രാജ്യത്തെ ഭാര്യമാരില്‍ ഒന്നാമതു നില്‍ക്കുന്നവള്‍. പ്രഥമപൗരന്റെ പത്നി.
ഉദാഹരണം:- കെ.ആര്‍.നാരായണന്‍ പ്രഥമപൗരനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഉഷ നമ്മുടെ പ്രഥമപത്നിയായിരുന്നു.
* * * * * * * *
ബ്ലോഗില്‍ ഇത് ഇതിനുമുമ്പ് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്തോ? എന്തായാലും നിനക്കെന്തു തോന്നുന്നു നിഷാദ്? രണ്ടു മലയാളി കൂടിയാല്‍ പത്ത് അഭിപ്രായവും പതിനഞ്ചു തമ്മില്‍ത്തല്ലും എന്നാണ്. ഇക്കാര്യത്തില്‍ എന്തു പറയുന്നു? അടിക്കു ഞാന്‍ തന്നെ തുടക്കമിട്ടു വയ്ക്കാം. ആണ്‍പ്രസിഡന്റ് പ്രഥമപൌരനാണെങ്കില്‍ പെണ്‍ പ്രസിഡന്റ് ‘പ്രഥമപൌര’യാവണ്ടേ? അതോ ‘പൌരി‘യോ? ഇനി അതല്ല പെണ്‍പ്രസിഡന്റ് പ്രഥമവനിതയായേ പറ്റൂ എന്നാണെങ്കില്‍ ആണ്‍പ്രസിഡന്റ് ‘പ്രഥമപുരുഷന്‍’ ആകേണ്ടേ? ....................ഞാനിവിടില്ലേ - സ്കൂട്ട്!
Friday, November 02, 2007
Subscribe to:
Posts (Atom)