Thursday, February 28, 2008

'ഇരവാദം' - പ്രതിരോധിക്കപ്പെടണം

സംവരണസംബന്ധിയായ ഒരു ചര്‍ച്ചയ്ക്കിടെ ഒരു സുഹൃത്ത്‌ മറ്റൊരാളോട്‌ "വേട്ടക്കാരന്റെയും ഇരയുടെയും മാനസികാവസ്ഥകള്‍ തമ്മില്‍ വ്യത്യാസമു"ണ്ടെന്നു സൂചിപ്പിച്ചിരുന്നു. അതില്‍ ഇടപെട്ടുകൊണ്ട്‌ സംസാരിച്ചപ്പോള്‍, അത്തരമൊരു കല്‍പന അപകടകരമാണെന്ന നിലപാടു ഞാനെടുത്തിരുന്നു. അതു പിന്നീടു കൂടുതല്‍ വിശദീകരിക്കേണ്ടതായി വന്നു. ആ വിശദീകരണം അവിടെ മുഖ്യചര്‍ച്ചയുമായി ചേര്‍ന്നു നില്‍ക്കാത്തതിനാല്‍, ഇവിടേക്കു മാറ്റിയിട്ടതാണിത്‌.

* * * * * * * * *

കെ.ഇ.എന്‍-ഉം മറ്റും മുമ്പോട്ടു വച്ച 'ഇരവാദം' പലതുകൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്‌. കുറേപ്പേരുടെ മനസ്സില്‍ പീഢിതബോധം വളര്‍ത്താമെന്നല്ലാതെ അതുകൊണ്ടു നേട്ടമില്ലെന്നതും, അത്തരം ശ്രമങ്ങള്‍ നടന്നു കാണാറുള്ളതു തീര്‍ത്തും ദുരുദ്ദേശപരമാണ്‌ എന്നതും തന്നെ കാരണം.

ഒരു ചൂഷക/ചൂഷിതബന്ധം മാത്രമാണുദ്ദേശിച്ചിരുന്നതെങ്കില്‍, അതിത്ര അപകടകരമാകുമായിരുന്നില്ല. എന്നാല്‍, ചിലരതു മറ്റൊരു രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്‌. മുസ്ലീമാണെന്ന ഒറ്റക്കാരണത്താല്‍ തങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു എന്നൊരു തോന്നല്‍ കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നുണ്ട്‌. അതിനൊക്കെ ആരു ശ്രമിച്ചാലും ശരി - അത്‌ ശക്തമായി പ്രതിരോധിക്കപ്പെടണം.

ഇപ്പോള്‍ ദാ യാഹ്യഖാനെ അറസ്റ്റു ചെയ്തത്‌ ബാംഗ്ലൂരിലെ ഐ.ടി. വികസനനേട്ടങ്ങളില്‍ നിന്ന്‌ മുസ്ലീങ്ങളെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്താനുള്ള 'ചില ശക്തികളുടെ' ഗൂഢാലോചനയാണെന്ന മട്ടില്‍ ചില "മനുഷ്യാവകാശ(?)സംഘടനകള്‍ തട്ടി വിടുന്നു!! ഇതൊക്കെ എത്ര മാത്രം തെറ്റിദ്ധാരണാജനകമാണ്‌! അയാള്‍ നിരപരാധിയാണെങ്കില്‍ അതു സമര്‍ത്ഥിക്കാന്‍ ശ്രമിക്കാം. പക്ഷേ, മുസ്ലീമായതിന്റെ പേരില്‍ മനപ്പൂര്‍വ്വം ദ്രോഹിക്കുകയാണ്‌ എന്ന പ്രചാരണം തികച്ചും ദുരുദ്ദേശപരവും അപകടകരവുമാണ്‌.

'മുസ്ലീം വേട്ട അവസാനിപ്പിക്കുക' എന്നൊക്കെ മുമ്പേ തന്നെ പോസ്റ്ററുകള്‍ കണ്ടിരുന്നു. ഇവിടെ ആരും അവരെ വേട്ടയാടുന്നൊന്നുമില്ല. സംശയാസ്പദമായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഏതൊരാളും അന്വേഷണപരിധിയില്‍ വരുന്നുള്ളൂ. ശക്തമായി പ്രതിരോധിക്കപ്പെടേണ്ട പ്രചാരണങ്ങളാണ്‌ മറിച്ചുള്ളതെല്ലാം. വോട്ടിനുവേണ്ടി മത്സരിക്കുന്ന പാര്‍ട്ടികള്‍ അതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്‌.

സംഘപരിവാര്‍ 'ഉന്‍മൂലനത്തിനു' ശ്രമിക്കുകയാണെന്നൊക്കെ വാദിച്ചു നടക്കുന്നു കൂടെച്ചിലര്‍. ശുദ്ധ അസംബന്ധമാണതൊക്കെ. ചില കലാപങ്ങളുടെ കാര്യമുയര്‍ത്തി ഇത്തരം അസംബന്ധവാദങ്ങളൊക്കെ സ്ഥാപിച്ചെടുക്കാമെന്നു കരുതുന്നതു തികഞ്ഞ മൗഢ്യമാണ്‌. അങ്ങനെയെങ്കില്‍, സംഘശക്തിയുടെ വ്യാപനത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ഇവിടെയുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെയൊക്കെ ഉത്തരവാദിത്തം ആരെയാണേല്‍പ്പിക്കേണ്ടി വരിക? അവിടെയെല്ലാം "ഇര"കളായത്‌ ഒരിക്കലും ഏതെങ്കിലുമൊരു വിഭാഗം മാത്രമായിരുന്നില്ല താനും. കലാപങ്ങളടക്കം ഇവിടെ നടന്ന ഏതു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാലും ശരി - എത്ര ഇഴകീറി പരിശോധിച്ചാലും ശരി - "ഉന്‍മൂലനശ്രമം" എന്നതൊക്കെ മനപ്പൂര്‍വ്വം ചമയ്ക്കുന്ന ഇമേജു മാത്രമാണെന്നു നിസ്സംശയം തെളിയിക്കാന്‍ കഴിയും. അത്തരം പ്രചാരണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്നതിന്‌ - സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇത്ര വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന തെളിവു മാത്രം മതി. സംഘവിരുദ്ധശക്തികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും നല്ല സ്വാധീനമുള്ള മലയാളത്തില്‍, മറിച്ചൊരു പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാവാമെങ്കിലും, സത്യം സത്യമാവാതിരിക്കുന്നില്ല.

ഇതേക്കുറിച്ചൊക്കെ പലതവണ വിശദീകരിച്ചതായതുകൊണ്ട്‌ അവയാവര്‍ത്തിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ - 'വേട്ടക്കാരനും ഇരകളും' എന്ന പ്രയോഗം KEN-മാര്‍ പ്രചരിപ്പിച്ചാല്‍ KN-മാര്‍ അതിനെ പ്രതിരോധിക്കും. എളിയതോതിലെങ്കിലും - കഴിവിന്റെ പരമാവധി.

ആദ്യം പറഞ്ഞ മട്ടിലുള്ള പ്രചാരണങ്ങള്‍ കേട്ടു വിശ്വസിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നവരില്‍ ചിലരിലെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അതിനിടയാക്കിയവര്‍ - വോട്ടുകള്‍ നഷ്ടപ്പെടരുതെന്നു കരുതിയും, സാഹചര്യങ്ങള്‍ തുടര്‍ന്നും മുതലെടുക്കാമെന്നാശിച്ചും - മൗനം പാലിക്കുന്നു. ഇത്തരമൊരു വേളയില്‍, അമ്മട്ടിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുക എന്നത്‌ പൗരബോധമുള്ളവരുടെ കടമയായി മാറുന്നുവെന്നു പറയേണ്ടിവരും.

6 comments:

Unknown said...

“യാഹ്യാഖാനെ” അറസ്റ്റുചെയ്തു പീഢിപ്പിക്കുകയാണെന്നാണു ചിലര്‍ പറയുന്നത്‌, അതിന്റെ കാരണവും അവര്‍ തന്നെ കണ്ടെത്തി അവതരിപ്പിക്കുന്നുണ്ട്‌. ശക്തമായി പ്രതിരോധിക്കപ്പെടേണ്ട പ്രചാരണങ്ങളാണതൊക്കെ. പക്ഷേ, അത്തരമൊരു പ്രതിരോധത്തിന് കമ്മ്യൂണിസ്റ്റുകളെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെനു മാത്രമല്ല - അവരതിനു വളംവയ്ക്കുക കൂടിയാണെന്ന അവസ്ഥയാണിപ്പോള്‍.

absolute_void(); said...

ഇരയും വേട്ടക്കാരനും എന്ന പ്രയോഗം കേട്ടാലുടനെ അതിലെ വേട്ടക്കാരനെന്ന വിശേഷണം 'എന്നെ ഉദ്ദേശിച്ചാണു്, എന്നെ തന്നെ ഉദ്ദേശിച്ചാണു്, എന്നെ മാത്രം ഉദ്ദേശിച്ചാണു്' എന്ന മട്ടില്‍ പ്രതികരിക്കുന്നതെന്തിനാണു് ? സംഘപരിവാര്‍ എപ്പോഴും വേട്ടക്കാരനാകുന്നുവെന്നും മുസ്ലീങ്ങള്‍ എപ്പോഴും ഇരകളാകുന്നുവെന്നും എനിക്കു് തോന്നിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന കലാപത്തില്‍ കോണ്‍ഗ്രസുകാരായിരുന്നു വേട്ടക്കാര്‍. സിക്കുകാരായിരുന്നു ഇരകള്‍. ഛത്തീസ്ഗഡില്‍ ഡോ. ബിനായക്‍ സെന്നിനെ അകാരണമായി തടങ്കലില്‍ വച്ചിരിക്കുന്ന സംഭവത്തില്‍ ഛത്തീസ്ഗഡിലെ അഴിമതിക്കാരായ ഭരണ-പ്രതിപക്ഷ കക്ഷികളാണു് വേട്ടക്കാര്‍. ദരിദ്രരായ ഖനിത്തൊഴിലാളികള്‍ക്കു് ജനപങ്കാളിത്തത്തോടെ കുറഞ്ഞ ചെലവില്‍ ആതുരശുശ്രൂഷ നല്‍കാമെന്നു് തെളിയിച്ച ഡോക്‍ടറുടെ അറസ്റ്റോടെ ഇരകളാക്കപ്പെട്ടതു് അതേ ഖനിത്തൊഴിലാളികളാണു്. അങ്ങനെ എത്രവേണമെങ്കിലും പറയാം.

കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ വാദത്തില്‍ പലതിനോടും വിയോജിപ്പുള്ള ആളാണു് ഞാന്‍. എന്നാല്‍ ഈ പ്രയോഗം കേട്ടയുടനെ ഉണര്‍ന്നുവന്ന 'സംഘ'ബോധം എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നു് ബോധ്യപ്പെടുത്തുന്നു. സ്വയം വേട്ടക്കാരനായി കരുതി പ്രതിരോധിക്കാനുള്ള ശ്രമത്തെ ഒട്ടൊരു ചിരിയോടെയല്ലാതെ സമീപിക്കാനാവുന്നില്ല.

absolute_void(); said...

യാഹ്യാഖാനെ അറസ്റ്റ് ചെയ്തതു് നാളുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണു്. ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം മുഴുവന്‍ മുസ്ലീംനാമധാരികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്ന ജമാഅത്തെ ഇസ്ലാമിയുടെയും മറ്റും വാദം ആടിനെ പട്ടിയാക്കുന്നതാണു്. ഇക്കാര്യത്തില്‍ കാണാപ്പുറത്തോടു് യോജിക്കുന്നു.

ഭൂലോകം said...

കെ ഇ ന്‍ മുതല്‍പേരുടെയും മതേതര(?) മാധ്യമങ്ങളുറ്റെയും ശ്രമഫലമായി കേരളത്തിലെങ്കിലും പൊതു (അബദ്ധ) ധാരണ (മറുമൊഴിയിലെ വിഷപ്രയോഗത്തിനു കാരണണമായ പോലത്തെ ധാരണ) അനുസ്സരിച്ച്‌ ഇര മുസ്ലിംങ്ങളും വേട്ടക്കാരന്‍ സഘവും ആണ്‌.

അതുകൊണ്ടു സഘ അനുഭാവിയാണു എന്നു തുറന്നു പറയുന്ന ഒരാളുടെ പോസ്റ്റില്‍ ഇര/വേട്ടക്കാരന്‍ പ്രയോഗ കമന്റിന്റെ ഉദ്ദെശ്യം മനസ്സിലക്കാന്‍ വലിയ പാടൊന്നും ഇല്ല.

അതിനാല്‍ തന്നെ 'സഘ' ബോധം ഉണര്‍ന്നതുകൊണ്ടു ഈയൊരു പോസ്റ്റു മൂലം ഇര/വേട്ടക്കാരന്‍ വാദത്തിലെ ഉദ്ദെശ്യം ചിലപ്പൊഴെങ്കിലും അതല്ല എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .

Unknown said...

സെബിന്‍,

(1) “ഇര-വേട്ടക്കാരന്‍“ പ്രയോഗത്തിന്റെ - ഇത്തരത്തിലുള്ള അര്‍ത്ഥതലമാണ് അപകടകരം എന്നും - അതാണ് പ്രതിരോധിക്കുന്നത്‌ എന്നും ഞാന്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌ എന്നതു ശ്രദ്ധിക്കുക. മറ്റ്‌ അര്‍ത്ഥതലങ്ങളെപ്പറ്റി സൂചിപ്പിച്ചിട്ടുമുണ്ട്‌.

ഈയൊരു അര്‍ത്ഥമെടുക്കുമ്പോള്‍, ‘എന്നെത്തന്നെയാണ് വേട്ടക്കാരന്‍ എന്നു വിളിച്ചത്‌’ എന്നതുകൊണ്ടല്ല പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്‌. അപ്പോളാണ് ഇരകളെന്നു പറയുന്നവര്‍ എന്തു ചെയ്താലും ന്യായീകരിക്കാന്‍ ആളുകള്‍ മടിക്കാത്തത്‌ - അത്‌ പൊതു സമൂഹത്തിനു തന്നെ അപകടാവസ്ഥ സ്രുഷ്ടിക്കുന്നത്‌ എന്നതുകൊണ്ടാണ്. ഇതു സംഘപരിവാറിനെതിരെയാണ് എന്നു പറഞ്ഞ്‌ എന്തു ചെയ്താലും എതിര്‍ക്കപ്പെടുകയില്ല എന്നൊരു സാഹചര്യം സ്രുഷ്ടിക്കാന്‍ ശ്രമിച്ചാല്‍ - അതിനെ പ്രതിരോധിച്ചേ തീരൂ.

(2) എന്റെയുള്ളില്‍ സംഘബോധം ഉണര്‍ന്നുവെന്നതിനേപ്പറ്റിയും - എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നു ബോദ്ധ്യപ്പെട്ടതിനേക്കുറിച്ചും - പറഞ്ഞതെനിക്കു മനസ്സിലായില്ല. മനസ്സില്‍ വയ്ക്കാതെ തുറന്നു പറയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താമായിരുന്നു. നിര്‍ബന്ധിക്കുന്നില്ല. നമ്മുടെ അറിവുകളെല്ലാം അപൂര്‍ണ്ണമാണ്. എല്ലാവരുടേയും. എല്ലാക്കാര്യത്തിലും.

(3) സ്വയം ഒരു വേട്ടക്കാരന്‍ എന്നു കരുതി പ്രതിരോധിക്കുന്നതിനേപ്പറ്റി - ‘സംഘപരിവാര്‍‘ എന്ന ന്യായീകരണം പറഞ്ഞ് ദുരുദ്ദേശപരമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഞാന്‍ എന്നും ഒരു വേട്ടക്കാരന്‍ തന്നെയായിരിക്കും. അവരുടെ പിന്നാലെ ചെന്നു ഞാന്‍ വേട്ടയാടും. അവരുടെ തന്ത്രങ്ങള്‍ പൊളിക്കും. അവരുടെ നുണകള്‍ പൊളിച്ചുകാട്ടും. തികച്ചും നിര്‍ദ്ദയമായ ഒരു വേട്ടയായിരിക്കും അത്. ആയുധം എന്നത് - ആശയങ്ങളും അക്ഷരങ്ങളുമായിരിക്കും എന്നത് എടുത്തു പറയേണ്ടതുണ്ട്.

(4) ഹിന്ദുത്വം എന്നത്‌ ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കെതിരെയുള്ള ഒരു ആശയമല്ല. സംഘത്തിന് ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ പിന്നാലെ പോകാനോ അവരേക്കുറിച്ച്‌ ആലോചിച്ചിരിക്കാനോ തീരെ നേരവുമില്ല - അവര്‍ക്കതിന്റെ കാര്യവുമില്ല - അവരതു ചെയ്യുന്നുമില്ല. ഇതൊക്കെ തെറ്റാവണമെങ്കില്‍ - കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടും കേട്ടും വായിച്ചുമൊക്കെ മനസ്സിലാക്കിയതെല്ലാം തെറ്റായിരിക്കണം. അത്‌ അസാദ്ധ്യമെന്നു തന്നെ ഞാന്‍ കരുതുന്നു.

ഇതൊക്കെ ഞാന്‍ ഏതുവേദിയിലും പറയും. ഇതിന്റെ നേര്‍‌വി‍പരീതം മാത്രം വര്‍ഷങ്ങളോളം കേട്ടുകേട്ട്‌ - ഓരോ സംഭവത്തേയും ആ രീതിയില്‍ അപഗ്രഥിച്ചുറപ്പിച്ച്‌ - മനസ്സില്‍ പതിഞ്ഞുപോയവരെ മതപരിവര്‍ത്തനം ചെയ്യിക്കുക എന്നത്‌ എന്റെ ഉദ്ദേശലക്‌ഷ്യങ്ങളില്‍പ്പെടുന്നില്ല. വിശ്വാസ-അഭിപ്രായ-സ്വാതന്ത്ര്യം വിജയിക്കട്ടെ.

അഭിലാഷ് ആര്യ said...

ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന്‍ ഉണ്ടായിരിക്കണം
ഇതില്‍ തര്‍ക്കമുണ്ടോ ? എന്തായാലും എന്റെ ബ്ലോഗിലേക്ക് സ്വാഗതം എന്നിട്ട് നമുക്ക് അറിവിന്റെ മാര്‍ഗത്തില്‍ തര്‍ക്കിക്കാം