Thursday, February 28, 2008

‘പ്രതിവിവേചന‘ത്തേപ്പറ്റി

സംവരണസംബന്ധിയായ ഒരു ചര്‍ച്ചയ്ക്കിടെ 'പ്രതിവിവേചനം' എന്ന വാക്കുകടന്നു വന്നിരുന്നു. അപ്പോള്‍, ആ വാക്കിന്റെ ഒരു അര്‍ത്ഥാന്തരം - ചില സുപ്രധാനകേസുകളിലെ പ്രതികള്‍ക്ക്‌ മതസംബന്ധിയായ വിവേചനം പ്രകടമാകുന്നതേപ്പറ്റി - തമാശമട്ടില്‍ത്തന്നെ സൂചിപ്പിച്ചു. അപ്പോള്‍, ആ പരാമര്‍ശത്തില്‍ 'വിഷ'മുണ്ടെന്നായിരുന്നു മറുപടി. വിഷമല്ല വിഷമമാണ്‌ ഉള്ളത്‌ എന്നും, ഏത്‌ ഉദാഹരണമാണ്‌ അവിടെ ഉദ്ദേശിച്ചത്‌ എന്നും പിന്നീടു കൂടുതല്‍ വിശദീകരിക്കേണ്ടതായി വന്നു. ആ വിശദീകരണം അവിടെ മുഖ്യചര്‍ച്ചയുമായി ചേര്‍ന്നു നില്‍ക്കാത്തതിനാല്‍, ഇവിടേക്കു മാറ്റിയിട്ടതാണിത്‌.

* * * * * * *

ഞാനുദ്ദേശിച്ച "സുപ്രധാനമായ" കുറ്റം പാര്‍ലമന്റ്‌ ആക്രമണവും പ്രതി അഫ്സല്‍ ഗുരുവുമാണ്‌. ആ ഉദാഹരണത്തില്‍, 'മതപരമായ വിവേചനം' ഉണ്ടായിട്ടില്ല എന്നാരെങ്കിലും വാദിക്കുന്നെങ്കില്‍ അതു നഗ്നമായ സത്യനിഷേധമാവും. അതില്‍ അസ്വാഭാവികമായിട്ടോ എതിര്‍ക്കപ്പെടേണ്ടതായോ എന്തെങ്കിലുമുണ്ടോ എന്നതേപ്പറ്റി മാത്രമേ ഒരു തര്‍ക്കത്തിനു വകുപ്പുള്ളൂ എന്നു തോന്നുന്നു.

ഈയൊരു കാര്യത്തേപ്പറ്റി സൂചിപ്പിച്ചാല്‍ ഉടന്‍ തന്നെ 'അഫ്സലിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നു' എന്നു പറയുന്നവരുണ്ട്‌. അതിക്രൂരമാണ്‌ ആ വാദം. മതവുമായി അതു ബന്ധിപ്പിക്കപ്പെടുന്നതു വളരെ പ്രകടമാവുമ്പോള്‍, അതു തെറ്റല്ലേ എന്നാണു ചോദ്യം. അപ്പോള്‍, അതേ കാര്യം തന്നെ തിരിച്ച്‌ ആരോപിച്ച്‌ വാദിയെ പ്രതിയാക്കുന്നൊരു പ്രവണതയാണതു കാണിക്കുന്നത്‌.

തൂക്കിക്കൊല അരുതെന്നാണെങ്കില്‍, അതു വേറെ വിഷയം. എന്നാല്‍ ഇവിടെ അമ്മട്ടിലല്ല വാദം എന്നതു ശ്രദ്ധേയമാണ്‌. അഫ്സല്‍ നിരപരാധിയാണെന്നു പറയുന്നവരുണ്ട്‌. അയാള്‍ക്കു നീതി ലഭിച്ചില്ല എന്നും പറയുന്നു. ശരി - അങ്ങനെയാണെങ്കില്‍ അയാളെ വെറുതെ വിട്ടു നോക്കട്ടെ. പക്ഷേ, വെറുതെ വിട്ടതിനു ശേഷം എന്തു ചെയ്യണമെന്നാണ്‌ അയാളെ അനുകൂലിക്കുന്നവര്‍ പറയുന്നത്‌ എന്നു പരതി നോക്കിയിട്ടുണ്ട്‌. പ്രത്യേകിച്ചൊന്നുമില്ല - അഫ്സലിനു "നീതി" ലഭിക്കണം - അത്രതന്നെ.

പക്ഷേ, ആസൂത്രണവും മറ്റും ചെയ്തത്‌ അയാളല്ലെങ്കില്‍ പിന്നെ വേറെ ആരെങ്കിലുമൊക്കെ ആയിരിക്കില്ലേ - അപ്പോള്‍ അന്വേഷണം തുടരണമെന്നാണോ എന്നു ചോദിച്ചാല്‍ - പ്രത്യേകിച്ച്‌ അഭിപ്രായമൊന്നുമില്ല!

ഇനിയിപ്പോള്‍ വീണ്ടും അന്വേഷിച്ച്‌ ഒരാളെ കണ്ടു പിടിച്ചാല്‍ കഷ്ടകാലത്തിന്‌ അയാളുടെ പേര്‌ ഫൈസല്‍ എന്നാണെങ്കിലോ - വീണ്ടും പ്രതിഷേധം തുടങ്ങില്ല എന്നുണ്ടോ - എന്നു തുറന്നു ചോദിച്ചാല്‍ ചര്‍ച്ച അവിടെ അവസാനിക്കുന്നു! യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നംഗീകരിക്കുന്നതിനു നാമാരെയാണു ഭയക്കുന്നത്‌? വര്‍ഗ്ഗീയമായ ഒരു സത്യം ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും അതു മറച്ചുവച്ച്‌ അതിനു കൂട്ടു നില്‍ക്കുന്നതു മതേതരത്വവുമാകുന്ന ട്രെന്‍ഡ്‌ നന്നല്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെല്ലാം. അതൊക്കെ 'വിഷ'മാണെങ്കില്‍, അതു പറയാനിടയാക്കുന്ന സംഭവത്തെ എന്തെന്നു വിളിക്കേണ്ടി വരും?

നമ്മുടെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെ "സ്വാധീനിക്കു"മെന്നതിനാല്‍ (എന്തുകൊണ്ട്‌ - എന്നു ചോദിക്കാമോ?), അതു കഴിഞ്ഞു മാത്രമേ അഫ്സലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നു വന്നത്‌ ഈ രാജ്യത്തിനെങ്ങനെ ഗുണകരമാവുമെന്നറിയില്ല. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാവുന്നത്‌ അപകടകരമാണെന്ന്‌ ആരെങ്കിലും തുറന്നു പറഞ്ഞാല്‍, അതെങ്ങനെ ന്യൂനപക്ഷവിരുദ്ധമാകുമെന്നും മനസ്സിലാകുന്നില്ല. നമുക്കിടയിലെ സാധാരണക്കാരടങ്ങുന്ന മുസ്ലീം സമൂഹത്തേയും ചില കുറ്റവാളികളേയും (കുറ്റാരോപിതരേയും) വേറിട്ടു കാണാനാവശ്യപ്പെടുന്നവര്‍ വര്‍ഗ്ഗീയവാദികളായും, അവരെ ചേര്‍ത്തു നിര്‍ത്തി വാദിക്കുന്നവര്‍ മതേതരവാദികളുമായി മാറുന്ന കാഴ്ച സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്‌.

ചില ചര്‍ച്ചകള്‍ക്കിടെ അഫ്സലിനെ അനുകൂലിച്ച്‌ സംസാരിക്കുന്നതിനിടെ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ പറഞ്ഞത്‌ ഞെട്ടിപ്പിക്കുന്നതായിരുന്നു. "ഇന്ത്യന്‍ പാര്‍ലമെന്റിനെ അത്ര മഹത്തരമെന്നൊന്നും വിശേഷിപ്പിക്കേണ്ട കാര്യമില്ല - അതാക്രമിച്ചത്‌ അത്ര വലിയ തെറ്റൊന്നുമല്ല" - എന്നൊക്കെയായിരുന്നു അത്‌. ചില മലയാളി ബ്ലോഗര്‍മാര്‍ തന്നെ എഴുതിവിട്ടതാണവ. കാശ്മീര്‍ തീവ്രവാദികളെ പോരാളികള്‍ എന്നു വിളിച്ചു പിന്തുണ കൊടുക്കുന്ന മലയാളികളില്ലെന്നുണ്ടോ? ഇത്തരം ചിന്തകളെയൊക്കെ നാം വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യേണ്ടത്‌? അഫ്സലിന്റെ കാര്യത്തിലും മറ്റും വിവേചനം കാട്ടുന്നത്‌, ശിഥിലത വളര്‍ത്തുന്ന ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ എന്ന നിലപാടു തെറ്റാണോ? ആ നിലപാട്‌ എങ്ങനെയാണു മുസ്ലിം വിരുദ്ധമാകുക? യഥാര്‍ത്ഥത്തില്‍ അതവരെ സഹായിക്കുകയല്ലേ ചെയ്യേണ്ടത്‌? അഫ്സലിനും മറ്റും പ്രത്യേകപരിഗണനയെന്തുകൊണ്ടാണ്‌ എന്നു ചോദിക്കുന്നതു മുസ്ലീംവിരുദ്ധമാണെന്നു വാദിക്കുന്നവര്‍, ഒരു സമൂഹത്തെ മൊത്തം കശ്മീര്‍തീവ്രവാദവുമായി ചേര്‍ത്തുവയ്ക്കാനല്ലേ ശ്രമിക്കുന്നത്‌? ആ നിലപാടല്ലേ യഥാര്‍ത്ഥത്തില്‍ സമുദായവിരുദ്ധം?

'പ്രതിവിവേചന'ത്തിന്റെ അര്‍ത്ഥാന്തരം സംബന്ധിച്ച ഉദാഹരണങ്ങള്‍ അനവധിയുണ്ട്‌. പലതുകൊണ്ടും കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടും - സമുദായപരിഗണനകളുടെ പേരില്‍ (മാത്രം) നിരപരാധിയും നിഷ്കളങ്കനുമായി ചിത്രീകരിക്കപ്പെട്ടവര്‍ വേറെയുമുണ്ട്‌. എല്ലാം ഇവിടെ വിശദീകരിക്കേണ്ടതില്ലെന്നു തോന്നുന്നു

3 comments:

Unknown said...

പാര്‍ലമന്റ്‌ ആക്രമണക്കേസില്‍, 'മതപരമായ വിവേചനം' ഉണ്ടായിട്ടില്ല എന്നാരെങ്കിലും വാദിക്കുന്നെങ്കില്‍ അതു നഗ്നമായ സത്യനിഷേധമാവും. അതില്‍ അസ്വാഭാവികമായിട്ടോ എതിര്‍ക്കപ്പെടേണ്ടതായോ എന്തെങ്കിലുമുണ്ടോ എന്നതേപ്പറ്റി മാത്രമേ ഒരു തര്‍ക്കത്തിനു വകുപ്പുള്ളൂ എന്നു തോന്നുന്നു.

absolute_void(); said...

അഫ്സല്‍ ഗുരു നേരിട്ടു് പാര്‍ലമെന്റ് ആക്രമണത്തിലോ ഗൂഢാലോചനയിലോ പങ്കാളിയല്ല. അയാള്‍ക്കു് ശരിയായ നിയമസഹായം ലഭിച്ചിട്ടുമില്ല. കാശ്മീരില്‍ നിന്നു് ഡല്‍ഹിയിലേക്കു് ഒരു കാര്‍ ഏര്‍പ്പാടാക്കിയതാണു് അഫ്സല്‍ ചെയ്തതായി കണ്ടെത്തിയ കുറ്റം. അതു് ആക്രമകാരികളെയുമായി പോയ കാറായിരുന്നു. അതിനെക്കുറിച്ചു് അറിയില്ല എന്നതു് ആ തെറ്റില്‍ നിന്നു് രക്ഷപ്പെടാനുള്ള ന്യായമാകുന്നില്ല. എന്നാല്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാവണം ശിക്ഷ എന്നതും ഓര്‍ക്കണം. സമൂഹത്തിന്റെ collective conscience satisfy ചെയ്യാന്‍​ അഫ്സലിനെ തൂക്കിക്കൊല്ലണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം നീതിപീഠത്തെ കുറിച്ചു് മോശം ധാരണയ്ക്കു് ഇടയാക്കുന്നു. മുസ്ലീമായി പോയതാണോ അഫ്സലിന്റെ കുറ്റം എന്നു് ചോദ്യമുയരുന്നതു് ഇത്തരുണത്തിലാണു്.

പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ടു് പങ്കുവഹിച്ചവരെ കിട്ടാതെ വന്നപ്പോള്‍ കിട്ടിയവനെ തട്ടിയേക്കാമെന്ന തൊടുന്യായം അപഹാസ്യമാണു്. അതു് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു് തന്നെ അപമാനമാണു്.

കഴിയുമെങ്കില്‍ ഈ ലിങ്കു് ഒന്നു നോക്കൂ.

Unknown said...

അപ്പോള്‍, കുറ്റത്തിനനുസരിച്ചുള്ള ചെറിയ ശിക്ഷയ്ക്കു പകരം കടുത്ത ശിക്ഷതന്നെ ലഭിക്കണം എന്നു ശഠിക്കാന്‍ കാര്യം എന്താണെന്നാണ്? മതമാവാം അതിനിടയാക്കിയത്‌ എന്നാണോ? അത്തരം ചിന്തയും ഒരു തരം മുന്‍‌വിധിയല്ലേ കാണിക്കുന്നത്‌ എന്നു കരുതാതെ വയ്യ. കുറേപ്പേരുടെ collective conscience? ആദ്യചോദ്യത്തിലേക്കാണിതു വീണ്ടുമെത്തിക്കുന്നത്‌. ഇതൊക്കെ ഇത്തരം എല്ലാ ചര്‍ച്ചയുടെയും അവസാനം എത്തിനില്‍ക്കുന്ന ആശയക്കുഴപ്പമാണ്. എനിക്കിത്‌ ഇനിയും വിശദീകരിക്കാന്‍ അറിഞ്ഞുകൂടാ.

qw_er_ty